Tuesday 25 January 2011

ആത്മകഥ!!

മിനിയാന്ന് “ആത്മകഥ” സിനിമ കണ്ടു.നല്ലൊരു പോസിറ്റിവ് എനർജി തന്നു ആ സിനിമ.പലപ്പോഴുമങ്ങനെയാണ്.മനസ്സ് വരണ്ടുണങ്ങിയിരിക്കുമ്പോഴാവും അവിചാരിതമായിട്ട് വായനക്കിടയിൽ നിന്നൊരു വരി, ഒരു കുഞ്ഞുകാഴ്ച്ച അല്ലെങ്കിൽ സംസാരങ്ങൾക്കിടയിൽ നിന്നൊരു വാക്ക് അങ്ങനെയെന്തെങ്കിലുമൊക്കെ ഒരു മഴത്തുള്ളി പോലെ വീണുകിട്ടുന്നത്.പിന്നെയത് ചിന്തകളിൽ നിറയും.ഒരുപാട് ചോദ്യങ്ങളായി, ഉത്തരങ്ങളായി,മനസ്സിനെ വല്ലാതെ നനയ്ക്കും.വേവലാതികളുടെ പടുകുഴിയിൽ നിന്ന് വലിച്ച് പുറത്തേയ്ക്കെടുക്കും.ഒരുപാട് ഊർജ്ജം തന്ന് ആത്മവിശ്വാസത്തിന്റെ പടികളിലൂടെ കയറ്റിവിടും.
‘ആത്മകഥ‘യിലെ എന്തൊക്കെയോ മനസ്സിൽ തട്ടി.മകളെയോർത്ത് ആധി പിടിക്കുന്ന ഒരച്ഛന്റെ മനസ്സ്.‘മൂന്നടി നടന്നാൽ പടി ,എട്ടടി നടന്നാൽ ഉള്ളി മൂപ്പിച്ച ചോറ്‘ എന്ന്  ജീവിതത്തിന്റെ കണക്കുകളുമായൊരു അമ്മ.താനില്ലാതായാൽ തന്റെ കുട്ടിയെങ്ങനെ ജീവിക്കുമെന്ന ചിന്ത ഊണിലുമുറക്കത്തിലും  പേക്കിനാവുപോലെ പിൻ തുടരുന്ന  ഏതൊരച്ഛനും അമ്മയ്ക്കും ആ മനസ്സ് വായിക്കാനാവും.
എന്റെ കണ്ണനും യാത്ര തുടങ്ങിയിട്ടേ ഉള്ളു.ജീവിതത്തിന്റെ കണക്കുകൾ അവനിനിയുമൊരുപാട് അറിയാനുണ്ട്.അവന്റെ സ്വപ്നങ്ങളിൽ വലിയൊരു ലോകമുണ്ട്.ഭാവനയിലെന്നും അവൻ പറന്നുനടക്കുന്ന നക്ഷത്രങ്ങൾ നിറഞ്ഞ ആകാശമുണ്ട്.കളിക്കാനും കൂട്ടുകൂടാനും ആരുമില്ലാതെ ഒറ്റപ്പെട്ടുപോകുന്നതിന്റെ വേദനകളുണ്ട്.മറ്റു കുട്ടികളെ പോലെയല്ല താൻ എന്ന് സ്വയമറിഞ്ഞുണ്ടായ അപകർഷതാ ബോധമുണ്ട്. സങ്കടങ്ങളുണ്ട്.പരിഭവങ്ങളുണ്ട്. അവന്റെ മനസ്സിലെ ഓരോ വ്യഥയും തന്റെതാക്കി, അവന്റെ ലോകം  ,അവന്റെ ജീവിതം മുഴുവനായി അവനു തന്നെ കൊടുക്കാൻ കഴിയണാമെന്നാശിക്കുന്ന ഒരമ്മ എന്നിലുമുണ്ടല്ലൊ.
കുറച്ച് നാൾ മുമ്പാണ് ഹെർമൻ ഹെസ്സെയുടെ സിദ്ധാർഥ വായിച്ചത്.ഒരനിവാര്യതയായിരുന്നു ആ വായന എന്ന് വായിച്ചുകഴിഞ്ഞപ്പോൾ അറിഞ്ഞു.ജീവിതത്തിനെ പറ്റി ചോദ്യങ്ങളില്ലാത്ത ഒരുപാട് ഉത്തരങ്ങളിലേക്കാണ് ആ വായന എന്നെയെത്തിച്ചതെന്ന് തോന്നി.ഞാനെന്നിലേക്ക് തിരിച്ചുവരുന്നത് പോലൊരു അനുഭവമായിരുന്നു.മെഴുകുപോലെ കട്ടിയുള്ള മഞ്ഞുപാളികൾ നാളെകളിലേക്ക് ഒഴുകിവീണ് ഘനീഭവിച്ചതറിഞ്ഞു...വേവലാതികളുടെ കറുത്ത നാളെകൾ വരച്ചുവെച്ച് അതിനെ പറ്റി മാത്രം ഓർത്ത് പിടയുന്നൊരു മനസ്സുമായിരുന്നിരുന്ന എന്നിലെ അമ്മയെ ഞാനന്ന് ശരിക്ക് കണ്ടു.ഇന്നുകളേക്കൾ സ്വയം വരച്ചുവെച്ച നാളെകളെയോർത്താണ് അവൾ ജീവിച്ചിരുന്നതെന്ന് അറിഞ്ഞു.കണ്ണനെയോർത്തായിരുന്നു പേടിസ്വപ്നങ്ങൾ മുഴുവനും.ചേർത്തുനിർത്താൻ ഞാനില്ലാതാവുമ്പോഴുള്ള അവന്റെ ജീവിതം..വരാൻ പോകുന്ന  അറിയാത്ത നാളെകളെ പറ്റിയോർത്ത്  ഇത്രയധികം വ്യാകുലയാവണ്ട എന്ന അവസ്ഥയിലേക്ക് മനസ്സ് കരുത്തോടെ  എത്തുകയായിരുന്നു.അത് തലയിൽ നിന്ന് ഒരുപാട് ഭാരങ്ങൾ ഇറക്കിവെച്ചത് പോലൊരു അനുഭവമായിരുന്നു.മനസ്സിൽ വെളിച്ചം കയറിയ പോലെ.‘ആത്മകഥ’യിൽ തന്റെ ഇരുട്ടിലേക്കിറങ്ങിയിറങ്ങി വന്ന നിലാവിനെ പറ്റി കൊച്ചുബേബി പറയുമ്പോൾ എന്റെ നാളെകളിലേക്ക് ഒഴുകിയിറങ്ങി ഖനീഭവിച്ച വെളുത്ത മഞ്ഞുമലകളെ ഞാനും കൌതുകത്തോടെ നോക്കി.കൂടുതൽ കരുത്തോടെ കണ്ണനെ ചേർത്തുനിർത്തി ഇന്നിന്റെ സന്തോഷങ്ങൾ, അറിവുകൾ ,തുറന്ന മനസ്സോടെ അവനു കാട്ടിക്കൊടുക്കാനാവുന്നതും .
ഇനി ഇന്നത്തെ വിശേഷങ്ങൾ.എന്നും വൈകുന്നേരം ഭക്ഷണം കഴിക്കാനെടുക്കുമ്പോൾ കണ്ണൻ കൊഞ്ചാനെത്തും.അവനു ഞാൻ വാരിക്കൊടുക്കണം.വല്യ ചെക്കനായിട്ടാണീ കൊഞ്ചൽ എന്ന് ഞാൻ കളിയാക്കുമെങ്കിലും ആ കൊഞ്ചൽ ഞാനുമാസ്വദിക്കും.ഒരോരൊ വിശേഷങ്ങളൊക്കെ പറഞ്ഞ് ഒരുപാട് നേരമിരുന്നാണ് ഞങ്ങളുടെ അത്താഴം കഴിക്കൽ.പതിവുപോലെ ഭക്ഷണമെടുത്തപ്പോൾ വീണ്ടും തലയിൽ ‘ആത്മകഥ’.മേശപ്പുറത്ത് അവനുള്ള ഭക്ഷണം എടുത്ത് വെക്കുമ്പോൾ ഞാനറിയാതെ പറഞ്ഞുപോയി.”മൂന്നടി നടന്നാൽ പടി, എട്ടടി നടന്നാൽ ഉള്ളി മൂപ്പിച്ച ചോറ്”.കൊഞ്ചാൻ നിൽക്കാതെ എന്നെ അൽഭുതപ്പെടുത്തികൊണ്ട് അവൻ കഴിക്കാനിരുന്നു.എന്നോടൊപ്പം സിനിമ മുഴുവനുമിരുന്നു കണ്ട അവനെന്തൊക്കെയാണവൊ അതിൽ നിന്ന് വായിച്ചെടുത്തത്! പതിവുപോലെ വിശേഷങ്ങളും പരാതികളും ഒക്കെ പറഞ്ഞുകൊണ്ട് അവൻ കഴിച്ചുകൊണ്ടിരുന്നു..ഇക്കാലത്തെ ഒരു സാധാരണ പതിനഞ്ച് വയസ്സുകാരന്റെ മാനസികാവസ്ഥകളെ പറ്റിയൊക്കെ ഒരദ്ധ്യാപികയായ എനിക്ക് കുറേയൊക്കെയറിയാം.അതുകൊണ്ട് തന്നെ കണ്ണന്റെ സങ്കടങ്ങളും വാശികളും സ്വപ്നങ്ങളും ദേഷ്യങ്ങളുമെല്ലാം എന്റ്റേതാക്കാൻ തത്രപ്പെടാതെ അവനറിയാനായ് വിട്ടുകൊടുക്കുന്ന ഞാൻ .അതിലൂടെ അവൻ ജീവിതത്തെയറിയട്ടെ എന്ന്, നാളെകളിലേക്ക് കരുത്തോടെ നടന്നുകയറട്ടെ എന്ന് പ്രാർഥിക്കുന്ന ഞാൻ. എനിക്ക് തരാൻ  ഒപ്പമിരിക്കുന്ന ഈ നിമിഷങ്ങൾ മാത്രമേ ഉള്ളുവെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്, ഈ ഇന്നുകൾ എന്നുമിങ്ങനെ ഞങ്ങളിലുണ്ടാകട്ടെയെന്ന് ആശിച്ചുകൊണ്ട് അവന്റെ വിശേഷങ്ങൾക്ക് കാതോർത്തുകൊണ്ട് അവനരികിൽ എന്നെ കാത്തുവെച്ചുകൊണ്ട്..


                                                                                                                         

9 comments:

  1. ഇന്നത്തെ ഈ നിമിഷങ്ങള്‍ എന്താണോ അത് ആസ്വദിക്കുക / പകര്‍ന്നു കൊടുക്കുക. സുഖം / സന്തോഷം എന്തായാലും ആ അനുഭവങ്ങള്‍ നാളേക്കുള്ള ശക്തിയായ് മാറും.

    ReplyDelete
  2. ഇന്ന് .........ഈ നിമിഷം അതാണ്‌ പ്രധാനം ..അത് ചിരിച്ചു കൊണ്ട് തരണം ചെയ്യുക ..ഇന്നലെയെ മറക്കാം ..നാളയെ ഓര്‍ത്ത്‌ എന്തിനു ഉത്കണ്ടപ്പെടണം??

    ReplyDelete
  3. കണ്ണന് അവനെ സ്വയം അറിയാന്‍ കൂടുതല്‍ അവസരം കൊടുക്കുക ..സ്വയം അവനെ സഹായിക്കാനും ..വഴി നടത്താനും അവസരം ഒരുക്കുക ..അവന്‍ സ്വതന്ത്രമായ ഒരു വഴി കണ്ടെത്തി എന്നും തോന്നും വരെ ഒരു വിളിപ്പാടകലെ അമ്മ ഉണ്ടായാല്‍ മതി ..

    ReplyDelete
  4. "ആത്മകഥ" കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അതുമിതുമായി കണക്ട് ചെയ്യാനുമാവുന്നില്ല. താങ്കളുടെ ബ്ലോഗുകള്‍ എല്ലാം വായിച്ച് വരുന്നേയുള്ളൂ.

    കണ്ണനോട് അന്വേഷണം പറയണേ...,
    ശിവകുമാര്‍ കുവൈറ്റ്.

    ReplyDelete
  5. ഒരു മകനും ഒരു കുഞ്ഞു മകളും വന്നപ്പോൾ എല്ലാ കുഞ്ഞുങ്ങളേയും ഞാ അവരുടെ കണ്ണിലൂടെ കാണാൻ തുടങ്ങി.ചങ്ങാ‍തീ നിങ്ങൾ വിചാരിക്കുന്നതൊക്കെ ഇടയ്ക്കിടയ്ക്ക് ഞാനും ആലോചിക്കും. കരയുന്ന കുട്ടികളെ കാണുമ്പോൾ വല്ലാതെ മനസ്സ് വേദനിക്കും. വിശന്നിട്ടാണോ, അമ്മയെക്കാണാഞ്ഞാണോ, ആരോ വേദനിപ്പിച്ചിട്ടാണോ, എന്നൊക്കെ. അപ്പോൾ പെട്ടന്ന് ഞാൻ എന്റെ മക്കളെ ഓർക്കും.

    ജീവിതത്തെ നാം കുറച്ചുകൂടി ഉദാരമായി സമീപിക്കെണ്ടതുണ്ട് എന്ന് ഈ അനുഭവം ഓർമ്മിപ്പിച്ചു.
    “താൻ ജീവിതത്തിൽ എപ്പോഴെങ്കിലും സ്നേഹിച്ചിട്ടുള്ള എല്ലാത്തിനെയും, താൻ അമൂല്യവും വിശുദ്ധവുമായി കരുതിയിട്ടുള്ള എല്ലാത്തിനെയും ഓർമ്മിപ്പിക്കുന്ന മന്ദഹാസവുമായി അവിടെ നിശ്ചലനായിരുന്ന മനുഷ്യനു മുന്നിൽ വീൺ അവൻ സാഷ്ടാംഗം പ്രണമിച്ചു”‘ എന്ന സിദ്ധാർത്ഥയിലെ അവസാനവാക്യം ഓർത്ത് കൊണ്ട് ഞാൻ ഇവിടെയും പ്രണമിക്കുന്നു.

    ReplyDelete
  6. ജാസി .. ചില വായനകള്‍ നമ്മെ നിശബ്ദമാക്കുന്നു .. വാക്കുകളുടെ അക്ഷരങ്ങളുടെ പരിധി നാം തിരിച്ചറിയുന്നു ....
    പ്രാര്‍ത്ഥനകള്‍ മാത്രം .. സ്നേഹവും ..

    ReplyDelete
  7. ജാസ്സി,
    ഒരു കമെന്റും എഴുതാനില്ല- വായിച്ചു!
    സജി

    ReplyDelete
  8. ജാസി....ഇന്നാണ് ഈ ബ്ലോഗ്‌ മുഴുവനായും വായിച്ചത്.അനുഭവങ്ങളുടെ തീവ്രത ഉണ്ടാകുമ്പോഴാണോ എഴുത്ത് ഇത്ര നന്നാവുക എന്ന് തോന്നിപോകുന്നു.സമാനമായ അനുഭവങ ഉള്ള എന്റെ ഒരു കൂട്ടുകാരിയെ കുറിച്ച് ഞാന്‍ ഒരു പോസ്റ്റ്‌ എഴുതിയിരുന്നു.പറ്റുമെങ്കില്‍ ഒന്ന് വായിക്കു... കുറച്ചു പോസിറ്റീവ് എനര്‍ജി തരാന്‍ അതിനും കഴിയും എന്ന് തോന്നുന്നു.ദയവായി ഇത് എന്റെ ബ്ലോഗിന്റെ പരസ്യം എന്ന് കരുതല്ലേ....

    ReplyDelete