Tuesday, 25 January 2011

ആത്മകഥ!!

മിനിയാന്ന് “ആത്മകഥ” സിനിമ കണ്ടു.നല്ലൊരു പോസിറ്റിവ് എനർജി തന്നു ആ സിനിമ.പലപ്പോഴുമങ്ങനെയാണ്.മനസ്സ് വരണ്ടുണങ്ങിയിരിക്കുമ്പോഴാവും അവിചാരിതമായിട്ട് വായനക്കിടയിൽ നിന്നൊരു വരി, ഒരു കുഞ്ഞുകാഴ്ച്ച അല്ലെങ്കിൽ സംസാരങ്ങൾക്കിടയിൽ നിന്നൊരു വാക്ക് അങ്ങനെയെന്തെങ്കിലുമൊക്കെ ഒരു മഴത്തുള്ളി പോലെ വീണുകിട്ടുന്നത്.പിന്നെയത് ചിന്തകളിൽ നിറയും.ഒരുപാട് ചോദ്യങ്ങളായി, ഉത്തരങ്ങളായി,മനസ്സിനെ വല്ലാതെ നനയ്ക്കും.വേവലാതികളുടെ പടുകുഴിയിൽ നിന്ന് വലിച്ച് പുറത്തേയ്ക്കെടുക്കും.ഒരുപാട് ഊർജ്ജം തന്ന് ആത്മവിശ്വാസത്തിന്റെ പടികളിലൂടെ കയറ്റിവിടും.
‘ആത്മകഥ‘യിലെ എന്തൊക്കെയോ മനസ്സിൽ തട്ടി.മകളെയോർത്ത് ആധി പിടിക്കുന്ന ഒരച്ഛന്റെ മനസ്സ്.‘മൂന്നടി നടന്നാൽ പടി ,എട്ടടി നടന്നാൽ ഉള്ളി മൂപ്പിച്ച ചോറ്‘ എന്ന്  ജീവിതത്തിന്റെ കണക്കുകളുമായൊരു അമ്മ.താനില്ലാതായാൽ തന്റെ കുട്ടിയെങ്ങനെ ജീവിക്കുമെന്ന ചിന്ത ഊണിലുമുറക്കത്തിലും  പേക്കിനാവുപോലെ പിൻ തുടരുന്ന  ഏതൊരച്ഛനും അമ്മയ്ക്കും ആ മനസ്സ് വായിക്കാനാവും.
എന്റെ കണ്ണനും യാത്ര തുടങ്ങിയിട്ടേ ഉള്ളു.ജീവിതത്തിന്റെ കണക്കുകൾ അവനിനിയുമൊരുപാട് അറിയാനുണ്ട്.അവന്റെ സ്വപ്നങ്ങളിൽ വലിയൊരു ലോകമുണ്ട്.ഭാവനയിലെന്നും അവൻ പറന്നുനടക്കുന്ന നക്ഷത്രങ്ങൾ നിറഞ്ഞ ആകാശമുണ്ട്.കളിക്കാനും കൂട്ടുകൂടാനും ആരുമില്ലാതെ ഒറ്റപ്പെട്ടുപോകുന്നതിന്റെ വേദനകളുണ്ട്.മറ്റു കുട്ടികളെ പോലെയല്ല താൻ എന്ന് സ്വയമറിഞ്ഞുണ്ടായ അപകർഷതാ ബോധമുണ്ട്. സങ്കടങ്ങളുണ്ട്.പരിഭവങ്ങളുണ്ട്. അവന്റെ മനസ്സിലെ ഓരോ വ്യഥയും തന്റെതാക്കി, അവന്റെ ലോകം  ,അവന്റെ ജീവിതം മുഴുവനായി അവനു തന്നെ കൊടുക്കാൻ കഴിയണാമെന്നാശിക്കുന്ന ഒരമ്മ എന്നിലുമുണ്ടല്ലൊ.
കുറച്ച് നാൾ മുമ്പാണ് ഹെർമൻ ഹെസ്സെയുടെ സിദ്ധാർഥ വായിച്ചത്.ഒരനിവാര്യതയായിരുന്നു ആ വായന എന്ന് വായിച്ചുകഴിഞ്ഞപ്പോൾ അറിഞ്ഞു.ജീവിതത്തിനെ പറ്റി ചോദ്യങ്ങളില്ലാത്ത ഒരുപാട് ഉത്തരങ്ങളിലേക്കാണ് ആ വായന എന്നെയെത്തിച്ചതെന്ന് തോന്നി.ഞാനെന്നിലേക്ക് തിരിച്ചുവരുന്നത് പോലൊരു അനുഭവമായിരുന്നു.മെഴുകുപോലെ കട്ടിയുള്ള മഞ്ഞുപാളികൾ നാളെകളിലേക്ക് ഒഴുകിവീണ് ഘനീഭവിച്ചതറിഞ്ഞു...വേവലാതികളുടെ കറുത്ത നാളെകൾ വരച്ചുവെച്ച് അതിനെ പറ്റി മാത്രം ഓർത്ത് പിടയുന്നൊരു മനസ്സുമായിരുന്നിരുന്ന എന്നിലെ അമ്മയെ ഞാനന്ന് ശരിക്ക് കണ്ടു.ഇന്നുകളേക്കൾ സ്വയം വരച്ചുവെച്ച നാളെകളെയോർത്താണ് അവൾ ജീവിച്ചിരുന്നതെന്ന് അറിഞ്ഞു.കണ്ണനെയോർത്തായിരുന്നു പേടിസ്വപ്നങ്ങൾ മുഴുവനും.ചേർത്തുനിർത്താൻ ഞാനില്ലാതാവുമ്പോഴുള്ള അവന്റെ ജീവിതം..വരാൻ പോകുന്ന  അറിയാത്ത നാളെകളെ പറ്റിയോർത്ത്  ഇത്രയധികം വ്യാകുലയാവണ്ട എന്ന അവസ്ഥയിലേക്ക് മനസ്സ് കരുത്തോടെ  എത്തുകയായിരുന്നു.അത് തലയിൽ നിന്ന് ഒരുപാട് ഭാരങ്ങൾ ഇറക്കിവെച്ചത് പോലൊരു അനുഭവമായിരുന്നു.മനസ്സിൽ വെളിച്ചം കയറിയ പോലെ.‘ആത്മകഥ’യിൽ തന്റെ ഇരുട്ടിലേക്കിറങ്ങിയിറങ്ങി വന്ന നിലാവിനെ പറ്റി കൊച്ചുബേബി പറയുമ്പോൾ എന്റെ നാളെകളിലേക്ക് ഒഴുകിയിറങ്ങി ഖനീഭവിച്ച വെളുത്ത മഞ്ഞുമലകളെ ഞാനും കൌതുകത്തോടെ നോക്കി.കൂടുതൽ കരുത്തോടെ കണ്ണനെ ചേർത്തുനിർത്തി ഇന്നിന്റെ സന്തോഷങ്ങൾ, അറിവുകൾ ,തുറന്ന മനസ്സോടെ അവനു കാട്ടിക്കൊടുക്കാനാവുന്നതും .
ഇനി ഇന്നത്തെ വിശേഷങ്ങൾ.എന്നും വൈകുന്നേരം ഭക്ഷണം കഴിക്കാനെടുക്കുമ്പോൾ കണ്ണൻ കൊഞ്ചാനെത്തും.അവനു ഞാൻ വാരിക്കൊടുക്കണം.വല്യ ചെക്കനായിട്ടാണീ കൊഞ്ചൽ എന്ന് ഞാൻ കളിയാക്കുമെങ്കിലും ആ കൊഞ്ചൽ ഞാനുമാസ്വദിക്കും.ഒരോരൊ വിശേഷങ്ങളൊക്കെ പറഞ്ഞ് ഒരുപാട് നേരമിരുന്നാണ് ഞങ്ങളുടെ അത്താഴം കഴിക്കൽ.പതിവുപോലെ ഭക്ഷണമെടുത്തപ്പോൾ വീണ്ടും തലയിൽ ‘ആത്മകഥ’.മേശപ്പുറത്ത് അവനുള്ള ഭക്ഷണം എടുത്ത് വെക്കുമ്പോൾ ഞാനറിയാതെ പറഞ്ഞുപോയി.”മൂന്നടി നടന്നാൽ പടി, എട്ടടി നടന്നാൽ ഉള്ളി മൂപ്പിച്ച ചോറ്”.കൊഞ്ചാൻ നിൽക്കാതെ എന്നെ അൽഭുതപ്പെടുത്തികൊണ്ട് അവൻ കഴിക്കാനിരുന്നു.എന്നോടൊപ്പം സിനിമ മുഴുവനുമിരുന്നു കണ്ട അവനെന്തൊക്കെയാണവൊ അതിൽ നിന്ന് വായിച്ചെടുത്തത്! പതിവുപോലെ വിശേഷങ്ങളും പരാതികളും ഒക്കെ പറഞ്ഞുകൊണ്ട് അവൻ കഴിച്ചുകൊണ്ടിരുന്നു..ഇക്കാലത്തെ ഒരു സാധാരണ പതിനഞ്ച് വയസ്സുകാരന്റെ മാനസികാവസ്ഥകളെ പറ്റിയൊക്കെ ഒരദ്ധ്യാപികയായ എനിക്ക് കുറേയൊക്കെയറിയാം.അതുകൊണ്ട് തന്നെ കണ്ണന്റെ സങ്കടങ്ങളും വാശികളും സ്വപ്നങ്ങളും ദേഷ്യങ്ങളുമെല്ലാം എന്റ്റേതാക്കാൻ തത്രപ്പെടാതെ അവനറിയാനായ് വിട്ടുകൊടുക്കുന്ന ഞാൻ .അതിലൂടെ അവൻ ജീവിതത്തെയറിയട്ടെ എന്ന്, നാളെകളിലേക്ക് കരുത്തോടെ നടന്നുകയറട്ടെ എന്ന് പ്രാർഥിക്കുന്ന ഞാൻ. എനിക്ക് തരാൻ  ഒപ്പമിരിക്കുന്ന ഈ നിമിഷങ്ങൾ മാത്രമേ ഉള്ളുവെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്, ഈ ഇന്നുകൾ എന്നുമിങ്ങനെ ഞങ്ങളിലുണ്ടാകട്ടെയെന്ന് ആശിച്ചുകൊണ്ട് അവന്റെ വിശേഷങ്ങൾക്ക് കാതോർത്തുകൊണ്ട് അവനരികിൽ എന്നെ കാത്തുവെച്ചുകൊണ്ട്..


                                                                                                                         

Friday, 21 January 2011

കണ്ണൻ

എഴുതണമെന്ന് തോന്നിയെങ്കിലും എഴുതാൻ ഇരുന്നപ്പോഴാണ് ഇത് അത്രതന്നെ എളുപ്പമല്ല എന്ന് മനസ്സിലാകുന്നത്.അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന വ്യക്തതയില്ലാത്ത കുറേ ചിന്തകൾ!
ഡൌൺ സിൻഡ്രോം അനുഭവങ്ങൾ എന്നെഴുതിവെച്ചതുതന്നെ ആ അവസ്ഥയെ പറ്റി എനിക്കറിയാവുന്ന കാര്യങ്ങൾ പങ്കുവെക്കാം എന്ന ഉദ്ദേശത്തോടെയായിരുന്നു.എന്നാൽ ഇപ്പോളാ ലോചിക്കുമ്പോൾ തോന്നുന്നു എനിക്കീ സിൻഡ്രോമിനെ പറ്റി സാങ്കേതികമായി ഒന്നുമറിയില്ലെന്ന്.അധികമായി ഒന്നും അറിയാൻ ശ്രമിച്ചില്ല എന്നു പറയുന്നതാവും ശരി.എനിക്കറിയാവുന്നത് കണ്ണനെ പറ്റിയാണ്.ഞാൻ അറിഞ്ഞതും സൂക്ഷ്മമായി മനസ്സിലാക്കാൻ ശ്രമിക്കുന്നതും അവനെയാണ്.അവന്റെ വിചാരങ്ങളെയും താല്പര്യങ്ങളെയും ഇഷ്ടങ്ങളേയും സ്വപ്നങ്ങളേയുമൊക്കെയാണ്.അവനോടൊപ്പം ഞാനുമൊരുപാട് വളർന്നിരിക്കുന്നു.അവനെനിക്ക് ജീവിതമെന്തെന്ന് മനസ്സിലാക്കിത്തരുന്നു.
തുടക്കത്തിൽ പറഞ്ഞുവെച്ചതിലേക്ക് തിരിച്ചുവരട്ടെ.
അതെ വർഷങ്ങൾക്ക് മുമ്പൊരു ഡിസംബർ രാത്രി. 1995 ഡിസംബർ 28. അന്നാണ് കണ്ണൻ ആദ്യമായി വീട്ടിലെത്തിയത്. .ജനുവരി 28 നു ജനിക്കാനുള്ള സമയമൊക്കെ കുറിച്ചുവെച്ചിട്ടും അവൻ പിറന്നത് നവംബർ 28നു. സിസേറിയനു വേണ്ടി തന്ന അനസ്തേഷ്യയുടെ കെട്ട് തലയിൽ നിന്നിറങ്ങിപ്പോൾ വാർഡിലുണ്ടായിരുന്ന  നേഴ്സ് വീൽ ചെയറിലിരുത്തി വാവയെ കാണിക്കാൻ എന്നെ സ്പെഷൽ കെയർ യൂണിറ്റിലേക്ക് കൊണ്ടുപോയി.ഇടനാഴികൾ പിന്നിടുന്നതിനിടയിൽ   ബേബി ആൺകുട്ടിയാണ് എന്ന്മാത്രം അവരെന്നോട് പറഞ്ഞു..കെയർ യൂണിറ്റിനുള്ളിൽ  ചില്ലുകൂട്ടിൽ കണ്ണൊക്കെ ഇറുക്കിയടച്ച് ഉറങ്ങുന്നുണ്ടായിരുന്നു അവൻ.ഇത്തിരി പോന്ന ഒരു പീക്കിരിവാവ.വാർഡിലേക്കു തിരിച്ചു പോകുമ്പോൾ സ്പെഷൽ കെയർ യൂണിറ്റിനെ പറ്റിയും ,വാവ പ്രീമച്യുർ ആണെന്നോർത്ത് വിഷമിക്കേണ്ടതില്ലെന്നും ഒക്കെ പറയുന്നുണ്ടായിരുന്നു അവർ.പക്ഷെ ഞാനതിൽ പകുതിയും കേൾക്കുന്നുണ്ടായിരുന്നില്ല.ഓപറേഷൻ ചെയ്തതിന്റെ വേദന അടിവയറ്റിൽ. ചിന്തകളെയെല്ലാം അത് മുക്കിക്കൊന്നിരുന്നു.
ഒരാഴ്ച കഴിഞ്ഞ് എന്നോട് വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു ഡോക്റ്റർ.വാവക്ക് വീട്ടിൽ പോകാൻ ആയില്ലെന്നും.വൈകുന്നേരങ്ങളിൽ ഹോസ്പിറ്റലിൽ പോയി പത്ത് മിനിറ്റ് വാവയെ കണ്ട് തിരിച്ച് വരും. ഒരു മാസത്തിനു ശേഷം ഡിസംബർ 28നു ചെന്നപ്പോൾ വാവ വീട്ടിൽ പോകാൻ റെഡിയായി എന്ന് നേഴ്സ്.
അങ്ങനെ ഡിസംബറിന്റെ മരം കോച്ചുന്ന തണുപ്പിൽ വാവ വീട്ടിലെത്തി.ആദ്യത്തെ ബഹളങ്ങളൊക്കെ കഴിഞ്ഞ് സ്വസ്ഥമായി വെറുതെ കുറേ നേരം വാവയെ നോക്കി കിടന്നു കഴിഞ്ഞാണ് ഹോസ്പിറ്റലിൽ നിന്നും തന്ന ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഒന്ന് വായിച്ചുനോക്കാനെടുത്തത്.അതിൽ ജനിച്ച സമയം, ജനിച്ചയുടനെ കരഞ്ഞ്ഞത്,ജനിച്ചപ്പോഴുള്ള ഭാരം..തുടങ്ങി ഒരുമാസം അവടെ കഴിഞ്ഞപ്പോഴുണ്ടായ വാവയെ പറ്റിയുള്ള നിരീക്ഷണങ്ങൾ ഒക്കെ വിശദമായി എഴുതിയിട്ടുണ്ടായിരുന്നു.ഏറ്റവുമൊടുവിൽ “baby is suspected to have Down Syndrome, advised genetic appointment" എന്നൊരു വാചകവും. ആദ്യമായി കേൾക്കുകയായിരുന്നു  അങ്ങനെയൊരു വാക്ക്. ഞാൻ ഡിക്ഷ്ണറി എടുക്കാനോടി.[അന്ന് ഗൂഗൾ ചെയ്തു നോക്കാൻ ഇന്റെർനെറ്റ് ഉണ്ടായിരുന്നില്ല].അതിൽ തപ്പിയപ്പോൾ down syndrome കണ്ടു."Down syndrom- an ubnormal condition in which a person is born with a broad, rather flat face, sloping eyes and a mental ability that is below average." എന്ന്.അത് തന്നെ കുറേ പ്രാവശ്യം വീണ്ടും വീണ്ടും വായിച്ചതിന്നും ഓർക്കുന്നു.പിന്നെ ഉറങ്ങുന്ന വാവയുടെ ഓമനത്തമുള്ള കുഞ്ഞുമുഖത്തു നോക്കി അങ്ങനെയൊന്നുമല്ല എന്ന് വല്ലാത്തൊരു വെപ്രാളത്തോടെ സ്വയം പറഞ്ഞ് വിസ്വസിപ്പിക്കാൻ ശ്രമിച്ചു, പിന്നെയാണ്  എവെടൊയൊക്കെയോ അമർത്തിവെച്ചിരുന്ന സങ്കടക്കടലിലേക്ക് സ്വയം മുങ്ങിപ്പോയത്..ശ്വാസം കിട്ടാതെ പിടഞ്ഞ് പിടഞ്ഞ് നിലവിളിച്ചത്.ഒരു ചിന്തയും കടക്കാതിരിക്കാൻ  മനസ്സിൽ  ഇരുട്ട് മാത്രം നിറയണമേ എന്ന് കൊതിച്ചത്.. അന്നനുഭവിച്ച ഉള്ളുരുക്കങ്ങളെ പറ്റി
ഇന്ന് പറയുക പ്രയാസം.കാലം അതൊക്കെ കുറെശ്ശെ കുറെശ്ശെയായി അലിയിച്ചു കളഞ്ഞിരിക്കുന്നു.
അന്നത്തെ കുഞ്ഞുവാവ കണ്ണനായി എന്നുമെന്നോടൊപ്പം.. എനിക്കൊരുപാട് സ്നേഹവും സന്തോഷവും ധൈര്യവുമൊക്കെ തന്ന്എന്നുമെന്നോടൊപ്പം.


...ബാക്കി അടുത്ത പോസ്റ്റിൽ...

Tuesday, 11 January 2011

തുടക്കം.

 ഇത് ഒരു പുതിയ തുടക്കം!

ഇത് എന്റെ ഡൌൺ സിൻഡ്രോം അനുഭവങ്ങളാണ്.
പതിനാ‍റ് വർഷങ്ങൾക്ക് മുമ്പ് ഒരു ഡിസംബറിൽ ഒട്ടും നിനച്ചിരിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു വാക്കാണത്.അതിനോടൊപ്പം ജീവിതമെനിക്ക് തന്ന വ്യത്യസ്തമായ കുറേ അനുഭവങ്ങളും..
 ഇങ്ങനെയൊന്ന് എഴുത്തിത്തുടങ്ങണമെന്ന് തോന്നുന്നത് ആദ്യമായാണ്.
ഒരു ശാന്തമായ അവസ്ഥയിലേക്ക് മനസ്സ് എത്തിയതുകൊണ്ടാവാം .
ഇന്ന് കഴിഞ്ഞുപോയ വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് ചിത്രങ്ങൾ മനസ്സിന്റെ സ്ക്രീനിൽ.
സങ്കടപ്പെരുമഴകളും ഒറ്റപ്പെടലിന്റെ എരിയുന്ന വേനലുകളും എല്ലാ കാഴ്ച്ചകളും മറച്ച്  ഉള്ളിലേക്ക് താണുതാണിറങ്ങിവന്നിരുന്ന കോടമഞ്ഞും..
എല്ലാമെല്ലാം എന്റെ വെറും സങ്കൽ‌പങ്ങൾ മാത്രമായിരുന്നോ?
ആയിരുന്നിരിക്കാം..

ഞാനെന്നിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.
  ഇന്നത്തെ എന്നിലിരുന്ന് എന്ത് ചെയ്യണമെന്ന് കൌതുകത്തോടെ ആലോചിക്കുമ്പോൾ,
എന്നിലൂടെ കടന്നുപോയ ആ ദിവസങ്ങളിലേക്കൊന്നുകൂടെ തിരിഞ്ഞുനോക്കി, മറക്കാൻ കഴിയാതെ കിടക്കുന്ന എന്തൊക്കെയോ എന്നോട് തന്നെയിരുന്ന് പറയണമെന്ന് തോന്നുന്നു.

...പറഞ്ഞുതുടങ്ങുമ്പോഴേ  എന്താണെനിക്ക് പറയാനുള്ളത് എന്ന് എനിക്കുതന്നെയറിയു ....[ഇതാണ് തുടക്കം. ഈ തുടക്കം തുടത്തിൽ തന്നെ ഒടുങ്ങാതിരിക്കട്ടെ..:)]