Tuesday, 16 August 2011

നിങ്ങളിലെ ഞങ്ങൾ!

എത്ര സന്തോഷത്തോടെയാണ് ഞങ്ങൾ നടത്തം തുടങ്ങിയത്!
വൈകുന്നേരത്തെ കഥയും പറഞ്ഞുള്ള
ഈ നടത്തത്തിനു വേണ്ടിയാണ്
പകൽ മുഴുവൻ കാത്തിരുന്നത് എന്ന മട്ടിൽ..


...വഴിയിൽ എതിരെ കടന്നു പോയവരും
ബസ്സ്റ്റോപ്പിൽ അക്ഷമരായി കാത്തുനിന്നവരും ,
സാധനം വാങ്ങാൻ കയറിയ സൂപ്പർമാർക്കറ്റിൽ കണ്ടുമുട്ടിയവരും
എല്ലാമെല്ലാം എന്തിനാണ് ഞങ്ങളിലേക്ക്
ഇങ്ങനെ വല്ലാത്തൊരു നോട്ടം പായിക്കുന്നത്!!


പാർക്കിൽ
എത്ര സന്തോഷത്തോടെയാണ് ഞങ്ങൾ പുതിയൊരിടം
കണ്ടെത്തിയിരുന്നത്!
കാറ്റും കിളികളും, മനസ്സുനിറക്കുന്ന പച്ചയും ഞങ്ങൾക്ക് ഒരുപോലെ ഹരമാണ്.
ഐസ്ക്രീം നുണഞ്ഞ് കടന്നുപോയ കുട്ടികൾ,
എന്തോ അൽഭുതക്കാഴ്ച്ചയെന്ന പോലെ ഞങ്ങളെ തുറിച്ച് നോക്കി
കളിയാക്കി ചിരിച്ച് എന്തിനാണ് ഞങ്ങളുടെ ചുറ്റിപ്പറ്റി കൂടിയത്!
തിരിഞ്ഞു നിന്ന് എന്തുവേണമെന്ന് കർക്കശമായ നോട്ടത്തോടെ
അവരെ എനിക്ക് തിരിച്ചയക്കേണ്ടി വന്നതെന്തിനാണ്!!
 ഞങ്ങളുടെ സന്തോഷത്തിലേക്ക് മൌനം വലിച്ചിട്ടതെന്തിനാണ്!


ട്രെയിനിൽ
ഒരിക്കലും അവസാനിക്കരുതീ യാത്ര,
എന്ന ഉത്സാഹമായിരുന്നു തുടക്കത്തിൽ ഞങ്ങൾക്ക്.
പ്രത്യേക താളത്തിൽ ജനലിനു പുറത്ത് പെയ്ത് വീഴുന്ന കാഴ്ച്ചകൾ
ഞങ്ങളിലൊരുപോലെ മാസ്മരികത ഉണർത്താറുണ്ട്.
എതിരെയിരുന്ന വല്ല്യമ്മ എന്തിനാണ് ഉറക്കെയുറക്കെ ഞങ്ങളോടായി
കഥകളുടെ കെട്ടഴിച്ച് ചൊരിഞ്ഞത്!
നടക്കാൻ വയ്യാത്ത അയൽ വക്കത്തെ കുട്ടിയുടേയും,
സംസരിക്കാനറിയാത്ത ആരുടെയോ പേരക്കുട്ടിയുടെയും
തുടങ്ങി ഒരുനൂറു കഥകൾ ശബ്ദത്തിൽ സഹതാപം നിറച്ച്
കണ്ണുകളിൽ നനവ് പടർത്തി എന്തിനാണ് പറഞ്ഞുകൊണ്ടിരുന്നത്?
ഇനി മതിയെന്ന് അല്പം ദേഷ്യത്തോടെ പറഞ്ഞ്
അവരെയെനിക്ക് നിശ്ശബ്ദയാക്കേണ്ടി വന്നതെന്തിനാണ്!!
ഞങ്ങളിൽ നിന്ന് യാത്രയുടെ താളങ്ങൾ മായ്ച്ച്
പകരം അസ്വസ്ഥതയുടെ വിത്തുകൾ പാകിയിട്ടതെന്തിനാണ്!!


വീണ്ടും വീണ്ടും
വഴികൾ...ഒരുപാടിടങ്ങൾ..യാത്രകൾ...ആളുകൾ
ഞങ്ങളുടെ സന്തോഷങ്ങളെ കെടുത്തിക്കൊണ്ട്
വീണ്ടും വീണ്ടും
അതേ
തുറിച്ചുനോട്ടങ്ങൾ
സഹതാപ പ്രകടനങ്ങൾ
കളിയാക്കിച്ചിരികൾ..

എന്നാണ് നിങ്ങൾ ഞങ്ങളെ
നിങ്ങളിലൊരാളായി തിരിച്ചറിയുക!


അർച്ചനയുടെ അമ്മ!

എഴുതാൻ തുടങ്ങിയത് അർച്ചനയെ പറ്റിയാണ്. അർച്ചനയുടെ വിജയത്തിളക്കത്തെ പറ്റി. ഈ വർഷം ജൂണിൽ ഏഥെൻസിൽ വച്ച് നടന്ന 13ആമത് സ്പെഷൽ ഒള്യ്മ്പിക്സിൽ സൈക്കിളിങ്ങിൽ ഒരു സ്വർണ്ണമെഡലും ഒരു വെങ്കലവും  നേടിയ അർച്ചന ജയറാമിനെ പറ്റി.

അർച്ചനയും ജനിച്ചത് ഒരു അധിക ക്രോമസോമുമായി ഡൌൺ സിൻഡ്രോം എന്ന ലേബലുമായിട്ടാണ്.26 വർഷങ്ങൾ കൊണ്ട് ഇന്നത്തെ സ്വർണ്ണത്തിളക്കവുമായി നിൽക്കുന്ന അർച്ചനയുടെ വിജയം യഥാർത്ഥത്തിൽ അർച്ചനയുടെ അമ്മ, പൂർണ്ണയ്ക്കു മാത്രം സ്വന്തം.അമ്മയുടെ ഇഛാശക്തിയും നിരന്തരമായ പരിശ്രമങ്ങളുമാണ് അർച്ചനയ്ക്ക് അതിജീവനത്തിനുള്ള കരുത്താവുന്നത്.

 കണ്ണനു മൂന്നര വയസ്സുള്ളപ്പോഴാണ് ആദ്യമായി ഞങ്ങൾ പൂർണ്ണയുടെ അടുത്തെത്തുന്നത്. എന്റെ ഒരു സുഹൃത്തിൽ നിന്നും കണ്ണനെ പറ്റി അറിഞ്ഞിട്ട് ഞങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു പൂർണ്ണ. കണ്ണനെ പോലെ പ്രത്യേക ലേബലുകളുമായി സമൂഹം മാറ്റി നിർത്തുന്ന ഓരോ കുട്ടിയും പൂർണ്ണക്ക് അർച്ചനയെപ്പോലെയാണ്, സ്വന്തം കുഞ്ഞായിട്ടവർ ചേർത്തുപിടിക്കും. അവരുടെ അച്ഛനുമമ്മയ്ക്കും ഒരുപാട് ആത്മവിശ്വാസവും കരുത്തും നൽകും. ജീവിതത്തിന്റെ അനിശ്ചിതമായ ആ ആദ്യകാലത്ത് പൂർണ്ണയെ കണ്ടെത്താനായത് ഒരു മഹാഭാഗ്യമായിരുന്നു. പൂർണ്ണയിലേക്കെത്തിപ്പെടുന്ന ഓരോ അമ്മയും ഇതുതന്നെയാവും പറയുക.

ഇരുപത്താറ് വർഷങ്ങൾക്കു മുമ്പാണ് പൂർണ്ണക്ക് കടിഞ്ഞൂൽ കുരുന്നായി അർച്ചനയുണ്ടാകുന്നത്. സമൂഹത്തിന്റെ അവജ്ഞയോടെയും പരിഹാസത്തോടെയുമുള്ള നോട്ടങ്ങളെയൊക്കെ തീർത്തും അവഗണിച്ച് മകൾക്ക് വേണ്ടി ജീവിതമാരംഭിച്ചു അർച്ചനയുടെ അമ്മ. അവർക്കെന്നും കരുത്തായി അച്ഛനുമുണ്ടായിരുന്നു കൂടെ. വല്ലാത്തൊരു ആത്മധൈര്യത്തോടെ പൂർണ്ണ, ഡൌൺ സിൻഡ്രോം എന്ന അവസ്തയെ പറ്റി കൂടുതൽ മനസ്സിലാക്കാനും തന്റെ മകളെ സമൂഹം അംഗീകരിക്കുന്ന അവസ്തയിലേക്ക് വളർത്തിയെടുക്കാൻ വേണ്ട പരിശ്രമങ്ങൾക്കായി ജീവിതം മാറ്റിവെക്കുകയും ചെയ്തു. ജോലിയുപേക്ഷിച്ചു. വിദേശരാജ്യങ്ങളിൽ പോലും പോയി ഇത്തരം കുട്ടികൾക്കു വേണ്ട സ്പെഷൽ പഠന രീതികളൊക്കെ സ്വായത്തമാക്കി. ഭർത്താവിനൊപ്പം ഗൾഫിൽ മകളുടെ പഠനം നടക്കുന്ന സ്പെഷൽ സ്കൂളിൽ തന്നെ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് തനിക്കിതിലും കൂടുതലായി പലതും ചെയ്യാൻ കഴിയും എന്ന് പൂർണ്ണക്ക് തോന്നിയത്. സ്കൂളിലെ ജോലിയുപേക്ഷിച്ചു അവർ. പിന്നെ സ്വന്തം വീട്ടിൽ തന്നെമകളെയും ഒന്നുരണ്ട് കുട്ടികളെയുമായി സ്കൂൾ തുടങ്ങുകയായിരുന്നു. അവരെ സഹായിക്കാൻ കുറെ നല്ല സുഹൃത്തുക്കളുമുണ്ടായി. പുതിയ സ്ഥലവും കൂടുതൽ കുട്ടികളുമൊക്കെയായി നല്ലൊരു സ്കൂളായി വേഗം തന്നെ ആ സരംഭത്തിനെ വളർത്തിയേടുക്കാൻ ആ കൂട്ടായ്മക്കായി. പ്രതിഫലമൊന്നും വാങ്ങാതെ കുട്ടികൾക്കായി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം. അവിടെക്കാണ് ഭാഗ്യം കൊണ്ട് കണ്ണനും ചെന്നെത്തിയത്. 

പ്രവാസജീവിതമുപേക്ഷിച്ച് നാട്ടിലെത്തിയ പൂർണ്ണ തന്റെ പ്രവർത്തനമേഘല കൂടുതൽ വികസിപ്പിച്ചിരിക്കുകയാണ് ചെയ്തത്. കോയമ്പത്തൂരിൽ പ്രശാന്തി അകാഡമി എന്ന പേരിൽ നല്ലൊരു സ്കൂൾ തുടങ്ങിയിരിക്കുന്നു. മാറ്റി നിർത്തപ്പെടുന്ന കുട്ടികൾ ,അവരുടെ സന്തോഷം, അപകർഷതാ ബോധമില്ലാതെ സ്വതന്ത്രമായി ജീവിക്കാൻ അവരെ പ്രാപ്തരാക്കൽ എന്നിങ്ങനെ ഈ കുട്ടികളുടെ  കാര്യങ്ങൾ മാത്രമേ പൂർണ്ണയുടെ ചിന്തകളിലുള്ളു. മിടുക്കിയായ മകളെ മാതൃകയാക്കി നിറഞ്ഞ പുഞ്ചിരിയോടെ മുന്നിൽ നിർത്തി,  ഒരോ മാതാപിതാക്കൾക്കും പൂർണ്ണ, ആത്മവിശ്വാസം നൽകുന്നു. 


തന്റെ മകളിലൊതുങ്ങി നിൽക്കാതെ ഒരുപാട് കുഞ്ഞുങ്ങളുടെ അതിജീവനത്തിനു അവർ കരുത്താകുന്നു.അതിൽ നിന്നു കിട്ടുന്ന അളവില്ലാത്ത ആത്മസംതൃത്തിയാണ് തന്റെ ജീവിതത്തിന്റെ തന്നെ കാതൽ എന്ന് അവർ സന്തോഷത്തോടെ തിരിച്ചറിയുന്നു. 

26 വർഷങ്ങൾക്ക് മുൻപാരംഭിച്ച ആത്മസമർപ്പണത്തിന്റെ യാത്ര ഇനിയും തുടരട്ടെ...സ്വർണ്ണത്തിളക്കങ്ങളോടെ. ഒരുപാടൊരുപാട് ജീവിതങ്ങളിലേക്ക്!!
 കണ്ണൻ പൂർണ്ണറ്റീച്ചറോടൊപ്പം !