Friday, 21 January 2011

കണ്ണൻ

എഴുതണമെന്ന് തോന്നിയെങ്കിലും എഴുതാൻ ഇരുന്നപ്പോഴാണ് ഇത് അത്രതന്നെ എളുപ്പമല്ല എന്ന് മനസ്സിലാകുന്നത്.അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന വ്യക്തതയില്ലാത്ത കുറേ ചിന്തകൾ!
ഡൌൺ സിൻഡ്രോം അനുഭവങ്ങൾ എന്നെഴുതിവെച്ചതുതന്നെ ആ അവസ്ഥയെ പറ്റി എനിക്കറിയാവുന്ന കാര്യങ്ങൾ പങ്കുവെക്കാം എന്ന ഉദ്ദേശത്തോടെയായിരുന്നു.എന്നാൽ ഇപ്പോളാ ലോചിക്കുമ്പോൾ തോന്നുന്നു എനിക്കീ സിൻഡ്രോമിനെ പറ്റി സാങ്കേതികമായി ഒന്നുമറിയില്ലെന്ന്.അധികമായി ഒന്നും അറിയാൻ ശ്രമിച്ചില്ല എന്നു പറയുന്നതാവും ശരി.എനിക്കറിയാവുന്നത് കണ്ണനെ പറ്റിയാണ്.ഞാൻ അറിഞ്ഞതും സൂക്ഷ്മമായി മനസ്സിലാക്കാൻ ശ്രമിക്കുന്നതും അവനെയാണ്.അവന്റെ വിചാരങ്ങളെയും താല്പര്യങ്ങളെയും ഇഷ്ടങ്ങളേയും സ്വപ്നങ്ങളേയുമൊക്കെയാണ്.അവനോടൊപ്പം ഞാനുമൊരുപാട് വളർന്നിരിക്കുന്നു.അവനെനിക്ക് ജീവിതമെന്തെന്ന് മനസ്സിലാക്കിത്തരുന്നു.
തുടക്കത്തിൽ പറഞ്ഞുവെച്ചതിലേക്ക് തിരിച്ചുവരട്ടെ.
അതെ വർഷങ്ങൾക്ക് മുമ്പൊരു ഡിസംബർ രാത്രി. 1995 ഡിസംബർ 28. അന്നാണ് കണ്ണൻ ആദ്യമായി വീട്ടിലെത്തിയത്. .ജനുവരി 28 നു ജനിക്കാനുള്ള സമയമൊക്കെ കുറിച്ചുവെച്ചിട്ടും അവൻ പിറന്നത് നവംബർ 28നു. സിസേറിയനു വേണ്ടി തന്ന അനസ്തേഷ്യയുടെ കെട്ട് തലയിൽ നിന്നിറങ്ങിപ്പോൾ വാർഡിലുണ്ടായിരുന്ന  നേഴ്സ് വീൽ ചെയറിലിരുത്തി വാവയെ കാണിക്കാൻ എന്നെ സ്പെഷൽ കെയർ യൂണിറ്റിലേക്ക് കൊണ്ടുപോയി.ഇടനാഴികൾ പിന്നിടുന്നതിനിടയിൽ   ബേബി ആൺകുട്ടിയാണ് എന്ന്മാത്രം അവരെന്നോട് പറഞ്ഞു..കെയർ യൂണിറ്റിനുള്ളിൽ  ചില്ലുകൂട്ടിൽ കണ്ണൊക്കെ ഇറുക്കിയടച്ച് ഉറങ്ങുന്നുണ്ടായിരുന്നു അവൻ.ഇത്തിരി പോന്ന ഒരു പീക്കിരിവാവ.വാർഡിലേക്കു തിരിച്ചു പോകുമ്പോൾ സ്പെഷൽ കെയർ യൂണിറ്റിനെ പറ്റിയും ,വാവ പ്രീമച്യുർ ആണെന്നോർത്ത് വിഷമിക്കേണ്ടതില്ലെന്നും ഒക്കെ പറയുന്നുണ്ടായിരുന്നു അവർ.പക്ഷെ ഞാനതിൽ പകുതിയും കേൾക്കുന്നുണ്ടായിരുന്നില്ല.ഓപറേഷൻ ചെയ്തതിന്റെ വേദന അടിവയറ്റിൽ. ചിന്തകളെയെല്ലാം അത് മുക്കിക്കൊന്നിരുന്നു.
ഒരാഴ്ച കഴിഞ്ഞ് എന്നോട് വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു ഡോക്റ്റർ.വാവക്ക് വീട്ടിൽ പോകാൻ ആയില്ലെന്നും.വൈകുന്നേരങ്ങളിൽ ഹോസ്പിറ്റലിൽ പോയി പത്ത് മിനിറ്റ് വാവയെ കണ്ട് തിരിച്ച് വരും. ഒരു മാസത്തിനു ശേഷം ഡിസംബർ 28നു ചെന്നപ്പോൾ വാവ വീട്ടിൽ പോകാൻ റെഡിയായി എന്ന് നേഴ്സ്.
അങ്ങനെ ഡിസംബറിന്റെ മരം കോച്ചുന്ന തണുപ്പിൽ വാവ വീട്ടിലെത്തി.ആദ്യത്തെ ബഹളങ്ങളൊക്കെ കഴിഞ്ഞ് സ്വസ്ഥമായി വെറുതെ കുറേ നേരം വാവയെ നോക്കി കിടന്നു കഴിഞ്ഞാണ് ഹോസ്പിറ്റലിൽ നിന്നും തന്ന ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഒന്ന് വായിച്ചുനോക്കാനെടുത്തത്.അതിൽ ജനിച്ച സമയം, ജനിച്ചയുടനെ കരഞ്ഞ്ഞത്,ജനിച്ചപ്പോഴുള്ള ഭാരം..തുടങ്ങി ഒരുമാസം അവടെ കഴിഞ്ഞപ്പോഴുണ്ടായ വാവയെ പറ്റിയുള്ള നിരീക്ഷണങ്ങൾ ഒക്കെ വിശദമായി എഴുതിയിട്ടുണ്ടായിരുന്നു.ഏറ്റവുമൊടുവിൽ “baby is suspected to have Down Syndrome, advised genetic appointment" എന്നൊരു വാചകവും. ആദ്യമായി കേൾക്കുകയായിരുന്നു  അങ്ങനെയൊരു വാക്ക്. ഞാൻ ഡിക്ഷ്ണറി എടുക്കാനോടി.[അന്ന് ഗൂഗൾ ചെയ്തു നോക്കാൻ ഇന്റെർനെറ്റ് ഉണ്ടായിരുന്നില്ല].അതിൽ തപ്പിയപ്പോൾ down syndrome കണ്ടു."Down syndrom- an ubnormal condition in which a person is born with a broad, rather flat face, sloping eyes and a mental ability that is below average." എന്ന്.അത് തന്നെ കുറേ പ്രാവശ്യം വീണ്ടും വീണ്ടും വായിച്ചതിന്നും ഓർക്കുന്നു.പിന്നെ ഉറങ്ങുന്ന വാവയുടെ ഓമനത്തമുള്ള കുഞ്ഞുമുഖത്തു നോക്കി അങ്ങനെയൊന്നുമല്ല എന്ന് വല്ലാത്തൊരു വെപ്രാളത്തോടെ സ്വയം പറഞ്ഞ് വിസ്വസിപ്പിക്കാൻ ശ്രമിച്ചു, പിന്നെയാണ്  എവെടൊയൊക്കെയോ അമർത്തിവെച്ചിരുന്ന സങ്കടക്കടലിലേക്ക് സ്വയം മുങ്ങിപ്പോയത്..ശ്വാസം കിട്ടാതെ പിടഞ്ഞ് പിടഞ്ഞ് നിലവിളിച്ചത്.ഒരു ചിന്തയും കടക്കാതിരിക്കാൻ  മനസ്സിൽ  ഇരുട്ട് മാത്രം നിറയണമേ എന്ന് കൊതിച്ചത്.. അന്നനുഭവിച്ച ഉള്ളുരുക്കങ്ങളെ പറ്റി
ഇന്ന് പറയുക പ്രയാസം.കാലം അതൊക്കെ കുറെശ്ശെ കുറെശ്ശെയായി അലിയിച്ചു കളഞ്ഞിരിക്കുന്നു.
അന്നത്തെ കുഞ്ഞുവാവ കണ്ണനായി എന്നുമെന്നോടൊപ്പം.. എനിക്കൊരുപാട് സ്നേഹവും സന്തോഷവും ധൈര്യവുമൊക്കെ തന്ന്എന്നുമെന്നോടൊപ്പം.


...ബാക്കി അടുത്ത പോസ്റ്റിൽ...

24 comments:

 1. ജീവിതത്തെ പോസിറ്റീവ് ആയി കാണുന്നതിന്, കണ്ണനെ ഇത് പോലെ കൂടെ നിര്‍ത്തുന്നതിന്, അമ്മയ്ക്കൊപ്പം എപ്പോഴുമുള്ള കണ്ണന് സ്നേഹം, പ്രാര്‍ത്ഥന.

  ReplyDelete
 2. hi wat i need to say .. i dont know.. waiting 4 ur next post...

  ReplyDelete
 3. എന്താണ് പറയേണ്ടത്,ഒരമ്മയുടെ ആധിയേയും സ്നേഹത്തേയും എങ്ങിനെ വിലയിരുത്തും..

  ReplyDelete
 4. മനസ്സൊന്നു തുറക്കാനാണോ ഈ പോസ്റ്റ്- തുറന്നോളൂ - അഭിമാനത്തോടെ ഈ തന്റേടിയെ ഞങ്ങൾ ഇഷ്ടപ്പെട്ടു കൊള്ളാം

  ReplyDelete
 5. എഴുതുക. മുഴുവനായും...
  നമ്മുടെ ദുഖങ്ങള്‍ , അതിജീവനം ചിലപ്പോള്‍ അത് മറ്റുള്ളവര്‍ക്ക് പ്രചോദനമായേക്കാം.

  ReplyDelete
 6. ഈ ഇത്തിരിയെഴുത്തിലൂടെ എന്നെയും കണ്ണനെയും അറിയാനെത്തിയ എല്ലാർക്കും ,ഈ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി...

  ReplyDelete
 7. പ്രാര്‍ത്ഥിക്കുക അല്ലാതെ എന്ത് ചെയ്യാം .

  ReplyDelete
 8. ആ..:) പ്രാർത്ഥിച്ചിരുന്നിട്ട് വലിയ കാര്യമൊന്നുമില്ല..

  ReplyDelete
 9. കണ്ണനോട് എന്റെ അന്വേഷണങ്ങള്‍ പറയുക

  ReplyDelete
 10. "എഴുതണമെന്ന് തോന്നിയെങ്കിലും എഴുതാൻ ഇരുന്നപ്പോഴാണ് ഇത് അത്രതന്നെ എളുപ്പമല്ല എന്ന് മനസ്സിലാകുന്നത്.."

  ഈ പറഞ്ഞതില്‍ കാര്യമുണ്ട്
  എങ്കിലും
  കണ്ണന്റെ അമ്മ നന്നായി എഴുതിയിട്ടുണ്ട്.

  ഇനീം വരാം :)

  ReplyDelete
 11. ദൈവമെന്നത് ജീവിതത്തെ നിർഭയം മുന്നോട്ട് നയിക്കുന്ന കുറേ തത്വചിന്തകളാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ ചിന്തകൾ ആ അക്ഷരങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് വെളിച്ചമേകട്ടെ..

  ReplyDelete
 12. നന്ദി നിശാസുരഭി, ശ്രികുമാർ..
  ദൈവത്തിനു ചെയ്യാനുള്ളത് ദൈവം ചെയ്തുകൊള്ളട്ടെ..ഞാൻ പ്രവൃത്തിയിലാണ് വിശ്വസിക്കുന്നത്..ഇന്നു നമുക്കെന്ത് ചെയ്യാനാകും അത് ചെയ്യുക..അതാണെന്റെ തത്വശാസ്ത്രം.!

  ReplyDelete
 13. സാത്വികൻ..കണ്ണന് അവനെപറ്റിയാണ് ഇതെല്ലാമെഴുതിയത് എന്ന് കേട്ടപ്പോൾ വലിയ സന്തോഷം.

  ReplyDelete
 14. ഈയെഴുത്തിലെ വേദനയും ഇപ്പോളനുഭവിക്കുന്ന സന്തോഷവും തിരിച്ചറിയുന്നു. കണ്ണനുമൊത്ത് ഇനിയും ഒട്ടേറെ കാലം സസുഖം കഴിയാന്‍ കഴിയട്ടെ. പിന്നെ ഇതിലെ കണ്ണന്‍ അവനിപ്പോള്‍ എന്ത് ചെയ്യുന്നു. ക്ഷമിക്കണം ഇവിടെ ആദ്യമായത് കൊണ്ട് ഇതിനു മുന്‍പ് കണ്ണനെ പറ്റി പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.

  ReplyDelete
 15. എന്റെ സഹോദരിയുടെ കുട്ടിയ്ക്ക് സെറിബ്രൽ പാൾസി ഉണ്ടായിരുന്നതു മൂലമുണ്ടായ വിഷമങ്ങൾ നേരിട്ടറിയാവുന്നതിനാൽ കുറെയ്യൊക്കെ ഊഹിക്കാൻ പറ്റും! എഴുതുക, അത് ഒരു വെന്റിങ്ങ് മാത്രമല്ല, വിവരങ്ങൾ കൈമാറൽ കൂടിയാകും. :)

  ReplyDelete
 16. പറഞ്ഞ കാര്യങ്ങള്‍ വേദനാ ജനകം ..പറയാനുള്ളത് അതിലും എത്രയോ വലുതായിരിക്കും ..മനസ് തുറന്നു പറയുമ്പോള്‍ ഭാരങ്ങള്‍ ലഘൂകരിക്കപ്പെടും ..കണ്ണന്‍ മിടുക്കനാവും ...അവന്റെ ഉള്ളില്‍ നിറസ്നേഹമായി അമ്മയുണ്ടല്ലോ !!

  ReplyDelete
 17. പ്രാര്‍ത്ഥനകളോടെ

  ReplyDelete
 18. കണ്ണനു വേണ്ടി മാത്രം അല്ല, ഒരു പാടു കണ്ണന്‍മാര്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടി എഴുതൂ...

  ReplyDelete
 19. Jasi blog thutangiyathu oru pakshe mattullavarumayi samvadikkanulla medium aayittayirikkam. Enikku thonnunnathu Jasi nalloru ezhuthukariyanu ennanu. Namukkonnu ezhuth matti pitichalo. Athayirikkum kootuthal nallath.Deyavayi Jasi sargathmaka sristikalilekk thiriyuka. Nammute chindakale atharam sristikalilekk thaichu cherkkavunnathanu. Nannayi vayikkuka. Khadeeja Mumthasinte workukalil vayana thutanguka.

  ReplyDelete
 20. എഴുതൂ ഇനിയും ... എഴുതാനറിയുന്നവര്‍ എഴുതുക തന്നെ വേണം ... അനുഭവങ്ങളിലൂടെയുള്ള പാഠം ആണല്ലോ പരമമായ സത്യം...

  ReplyDelete