Tuesday 16 August 2011

നിങ്ങളിലെ ഞങ്ങൾ!

എത്ര സന്തോഷത്തോടെയാണ് ഞങ്ങൾ നടത്തം തുടങ്ങിയത്!
വൈകുന്നേരത്തെ കഥയും പറഞ്ഞുള്ള
ഈ നടത്തത്തിനു വേണ്ടിയാണ്
പകൽ മുഴുവൻ കാത്തിരുന്നത് എന്ന മട്ടിൽ..


...വഴിയിൽ എതിരെ കടന്നു പോയവരും
ബസ്സ്റ്റോപ്പിൽ അക്ഷമരായി കാത്തുനിന്നവരും ,
സാധനം വാങ്ങാൻ കയറിയ സൂപ്പർമാർക്കറ്റിൽ കണ്ടുമുട്ടിയവരും
എല്ലാമെല്ലാം എന്തിനാണ് ഞങ്ങളിലേക്ക്
ഇങ്ങനെ വല്ലാത്തൊരു നോട്ടം പായിക്കുന്നത്!!


പാർക്കിൽ
എത്ര സന്തോഷത്തോടെയാണ് ഞങ്ങൾ പുതിയൊരിടം
കണ്ടെത്തിയിരുന്നത്!
കാറ്റും കിളികളും, മനസ്സുനിറക്കുന്ന പച്ചയും ഞങ്ങൾക്ക് ഒരുപോലെ ഹരമാണ്.
ഐസ്ക്രീം നുണഞ്ഞ് കടന്നുപോയ കുട്ടികൾ,
എന്തോ അൽഭുതക്കാഴ്ച്ചയെന്ന പോലെ ഞങ്ങളെ തുറിച്ച് നോക്കി
കളിയാക്കി ചിരിച്ച് എന്തിനാണ് ഞങ്ങളുടെ ചുറ്റിപ്പറ്റി കൂടിയത്!
തിരിഞ്ഞു നിന്ന് എന്തുവേണമെന്ന് കർക്കശമായ നോട്ടത്തോടെ
അവരെ എനിക്ക് തിരിച്ചയക്കേണ്ടി വന്നതെന്തിനാണ്!!
 ഞങ്ങളുടെ സന്തോഷത്തിലേക്ക് മൌനം വലിച്ചിട്ടതെന്തിനാണ്!


ട്രെയിനിൽ
ഒരിക്കലും അവസാനിക്കരുതീ യാത്ര,
എന്ന ഉത്സാഹമായിരുന്നു തുടക്കത്തിൽ ഞങ്ങൾക്ക്.
പ്രത്യേക താളത്തിൽ ജനലിനു പുറത്ത് പെയ്ത് വീഴുന്ന കാഴ്ച്ചകൾ
ഞങ്ങളിലൊരുപോലെ മാസ്മരികത ഉണർത്താറുണ്ട്.
എതിരെയിരുന്ന വല്ല്യമ്മ എന്തിനാണ് ഉറക്കെയുറക്കെ ഞങ്ങളോടായി
കഥകളുടെ കെട്ടഴിച്ച് ചൊരിഞ്ഞത്!
നടക്കാൻ വയ്യാത്ത അയൽ വക്കത്തെ കുട്ടിയുടേയും,
സംസരിക്കാനറിയാത്ത ആരുടെയോ പേരക്കുട്ടിയുടെയും
തുടങ്ങി ഒരുനൂറു കഥകൾ ശബ്ദത്തിൽ സഹതാപം നിറച്ച്
കണ്ണുകളിൽ നനവ് പടർത്തി എന്തിനാണ് പറഞ്ഞുകൊണ്ടിരുന്നത്?
ഇനി മതിയെന്ന് അല്പം ദേഷ്യത്തോടെ പറഞ്ഞ്
അവരെയെനിക്ക് നിശ്ശബ്ദയാക്കേണ്ടി വന്നതെന്തിനാണ്!!
ഞങ്ങളിൽ നിന്ന് യാത്രയുടെ താളങ്ങൾ മായ്ച്ച്
പകരം അസ്വസ്ഥതയുടെ വിത്തുകൾ പാകിയിട്ടതെന്തിനാണ്!!


വീണ്ടും വീണ്ടും
വഴികൾ...ഒരുപാടിടങ്ങൾ..യാത്രകൾ...ആളുകൾ
ഞങ്ങളുടെ സന്തോഷങ്ങളെ കെടുത്തിക്കൊണ്ട്
വീണ്ടും വീണ്ടും
അതേ
തുറിച്ചുനോട്ടങ്ങൾ
സഹതാപ പ്രകടനങ്ങൾ
കളിയാക്കിച്ചിരികൾ..





എന്നാണ് നിങ്ങൾ ഞങ്ങളെ
നിങ്ങളിലൊരാളായി തിരിച്ചറിയുക!














അർച്ചനയുടെ അമ്മ!

എഴുതാൻ തുടങ്ങിയത് അർച്ചനയെ പറ്റിയാണ്. അർച്ചനയുടെ വിജയത്തിളക്കത്തെ പറ്റി. ഈ വർഷം ജൂണിൽ ഏഥെൻസിൽ വച്ച് നടന്ന 13ആമത് സ്പെഷൽ ഒള്യ്മ്പിക്സിൽ സൈക്കിളിങ്ങിൽ ഒരു സ്വർണ്ണമെഡലും ഒരു വെങ്കലവും  നേടിയ അർച്ചന ജയറാമിനെ പറ്റി.

അർച്ചനയും ജനിച്ചത് ഒരു അധിക ക്രോമസോമുമായി ഡൌൺ സിൻഡ്രോം എന്ന ലേബലുമായിട്ടാണ്.26 വർഷങ്ങൾ കൊണ്ട് ഇന്നത്തെ സ്വർണ്ണത്തിളക്കവുമായി നിൽക്കുന്ന അർച്ചനയുടെ വിജയം യഥാർത്ഥത്തിൽ അർച്ചനയുടെ അമ്മ, പൂർണ്ണയ്ക്കു മാത്രം സ്വന്തം.അമ്മയുടെ ഇഛാശക്തിയും നിരന്തരമായ പരിശ്രമങ്ങളുമാണ് അർച്ചനയ്ക്ക് അതിജീവനത്തിനുള്ള കരുത്താവുന്നത്.

 കണ്ണനു മൂന്നര വയസ്സുള്ളപ്പോഴാണ് ആദ്യമായി ഞങ്ങൾ പൂർണ്ണയുടെ അടുത്തെത്തുന്നത്. എന്റെ ഒരു സുഹൃത്തിൽ നിന്നും കണ്ണനെ പറ്റി അറിഞ്ഞിട്ട് ഞങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു പൂർണ്ണ. കണ്ണനെ പോലെ പ്രത്യേക ലേബലുകളുമായി സമൂഹം മാറ്റി നിർത്തുന്ന ഓരോ കുട്ടിയും പൂർണ്ണക്ക് അർച്ചനയെപ്പോലെയാണ്, സ്വന്തം കുഞ്ഞായിട്ടവർ ചേർത്തുപിടിക്കും. അവരുടെ അച്ഛനുമമ്മയ്ക്കും ഒരുപാട് ആത്മവിശ്വാസവും കരുത്തും നൽകും. ജീവിതത്തിന്റെ അനിശ്ചിതമായ ആ ആദ്യകാലത്ത് പൂർണ്ണയെ കണ്ടെത്താനായത് ഒരു മഹാഭാഗ്യമായിരുന്നു. പൂർണ്ണയിലേക്കെത്തിപ്പെടുന്ന ഓരോ അമ്മയും ഇതുതന്നെയാവും പറയുക.

ഇരുപത്താറ് വർഷങ്ങൾക്കു മുമ്പാണ് പൂർണ്ണക്ക് കടിഞ്ഞൂൽ കുരുന്നായി അർച്ചനയുണ്ടാകുന്നത്. സമൂഹത്തിന്റെ അവജ്ഞയോടെയും പരിഹാസത്തോടെയുമുള്ള നോട്ടങ്ങളെയൊക്കെ തീർത്തും അവഗണിച്ച് മകൾക്ക് വേണ്ടി ജീവിതമാരംഭിച്ചു അർച്ചനയുടെ അമ്മ. അവർക്കെന്നും കരുത്തായി അച്ഛനുമുണ്ടായിരുന്നു കൂടെ. വല്ലാത്തൊരു ആത്മധൈര്യത്തോടെ പൂർണ്ണ, ഡൌൺ സിൻഡ്രോം എന്ന അവസ്തയെ പറ്റി കൂടുതൽ മനസ്സിലാക്കാനും തന്റെ മകളെ സമൂഹം അംഗീകരിക്കുന്ന അവസ്തയിലേക്ക് വളർത്തിയെടുക്കാൻ വേണ്ട പരിശ്രമങ്ങൾക്കായി ജീവിതം മാറ്റിവെക്കുകയും ചെയ്തു. ജോലിയുപേക്ഷിച്ചു. വിദേശരാജ്യങ്ങളിൽ പോലും പോയി ഇത്തരം കുട്ടികൾക്കു വേണ്ട സ്പെഷൽ പഠന രീതികളൊക്കെ സ്വായത്തമാക്കി. ഭർത്താവിനൊപ്പം ഗൾഫിൽ മകളുടെ പഠനം നടക്കുന്ന സ്പെഷൽ സ്കൂളിൽ തന്നെ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് തനിക്കിതിലും കൂടുതലായി പലതും ചെയ്യാൻ കഴിയും എന്ന് പൂർണ്ണക്ക് തോന്നിയത്. സ്കൂളിലെ ജോലിയുപേക്ഷിച്ചു അവർ. പിന്നെ സ്വന്തം വീട്ടിൽ തന്നെമകളെയും ഒന്നുരണ്ട് കുട്ടികളെയുമായി സ്കൂൾ തുടങ്ങുകയായിരുന്നു. അവരെ സഹായിക്കാൻ കുറെ നല്ല സുഹൃത്തുക്കളുമുണ്ടായി. പുതിയ സ്ഥലവും കൂടുതൽ കുട്ടികളുമൊക്കെയായി നല്ലൊരു സ്കൂളായി വേഗം തന്നെ ആ സരംഭത്തിനെ വളർത്തിയേടുക്കാൻ ആ കൂട്ടായ്മക്കായി. പ്രതിഫലമൊന്നും വാങ്ങാതെ കുട്ടികൾക്കായി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം. അവിടെക്കാണ് ഭാഗ്യം കൊണ്ട് കണ്ണനും ചെന്നെത്തിയത്. 

പ്രവാസജീവിതമുപേക്ഷിച്ച് നാട്ടിലെത്തിയ പൂർണ്ണ തന്റെ പ്രവർത്തനമേഘല കൂടുതൽ വികസിപ്പിച്ചിരിക്കുകയാണ് ചെയ്തത്. കോയമ്പത്തൂരിൽ പ്രശാന്തി അകാഡമി എന്ന പേരിൽ നല്ലൊരു സ്കൂൾ തുടങ്ങിയിരിക്കുന്നു. മാറ്റി നിർത്തപ്പെടുന്ന കുട്ടികൾ ,അവരുടെ സന്തോഷം, അപകർഷതാ ബോധമില്ലാതെ സ്വതന്ത്രമായി ജീവിക്കാൻ അവരെ പ്രാപ്തരാക്കൽ എന്നിങ്ങനെ ഈ കുട്ടികളുടെ  കാര്യങ്ങൾ മാത്രമേ പൂർണ്ണയുടെ ചിന്തകളിലുള്ളു. മിടുക്കിയായ മകളെ മാതൃകയാക്കി നിറഞ്ഞ പുഞ്ചിരിയോടെ മുന്നിൽ നിർത്തി,  ഒരോ മാതാപിതാക്കൾക്കും പൂർണ്ണ, ആത്മവിശ്വാസം നൽകുന്നു. 


തന്റെ മകളിലൊതുങ്ങി നിൽക്കാതെ ഒരുപാട് കുഞ്ഞുങ്ങളുടെ അതിജീവനത്തിനു അവർ കരുത്താകുന്നു.അതിൽ നിന്നു കിട്ടുന്ന അളവില്ലാത്ത ആത്മസംതൃത്തിയാണ് തന്റെ ജീവിതത്തിന്റെ തന്നെ കാതൽ എന്ന് അവർ സന്തോഷത്തോടെ തിരിച്ചറിയുന്നു. 

26 വർഷങ്ങൾക്ക് മുൻപാരംഭിച്ച ആത്മസമർപ്പണത്തിന്റെ യാത്ര ഇനിയും തുടരട്ടെ...സ്വർണ്ണത്തിളക്കങ്ങളോടെ. ഒരുപാടൊരുപാട് ജീവിതങ്ങളിലേക്ക്!!
 കണ്ണൻ പൂർണ്ണറ്റീച്ചറോടൊപ്പം !



Friday 4 February 2011

മമ്മി & മി.

ഈയിടെയായി  തരം കിട്ടുമ്പോഴൊക്കെ കണ്ണൻ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കാൻ തുടങ്ങിയിട്ടുണ്ട്.അവന്റെ ഏറ്റവും ഇഷ്ടപ്പെട്ട സൈറ്റ് യൂ ട്യൂബ് ആണ്.അതിൽ ഗോസ്റ്റ് ഫിലിമുകൾ,ഫണ്ണി വീഡിയോകൾ തിരയൽ, കാണൽ ഒക്കെയാണ് പരിപാടി..അവന് ഇഷ്ടം തോന്നിക്കഴിഞ്ഞാൽ ഒരു മടുപ്പുമില്ലാതെ വീണ്ടും വീണ്ടും  ഒരു വീഡിയോ തന്നെ കണ്ടുകൊണ്ടേയിരിക്കും.അങ്ങനെ കണ്ട് കണ്ട് പലതും  അവന് കാണാപാഠമാണ്.ചില സമയത്ത് മലയാളം സിനിമകളോടും പാട്ടുകളോടും ആവും കമ്പം.അതിലും ചില സിനിമളോട് അവനു പ്രത്യേക ഇഷ്ടമാണ്.മകൾക്ക് , മണിചിത്രത്താഴ്,ഹരിഹർ നഗർ, ഇൻ  ഗോസ്റ്റ് ഹൌസ്സ് ഇൻ ,മമ്മി ആന്റ് മി മുതലായവയൊക്കെ കണ്ണന്റെ  ടോപ് ലിസ്റ്റിലെ സിനിമകളാണ്..

പറയാൻ വന്നത് അതല്ല.ഞാനും കണ്ണനും കൂടെ എന്നും വൈകിട്ട് കുറച്ചുനേരം കളിക്കാനിറങ്ങും.ബിൽഡിങ്ങിനു താഴെയുള്ള ഇത്തിരി സ്ഥലത്താണ് ഞങ്ങളുടെ ബാഡ്മിന്റൺ കോർട്ട്.അവന് ആകെ കളിക്കാനിഷ്ടമുള്ള ഗെയിം.അടുത്ത ബിൽഡിങ്ങുകളിലെ കുട്ടികളൊക്കെ കളിക്കാനായി അവരിലൊരേ തരക്കാരുടെ കൂട്ടങ്ങൾ  ഉണ്ടാക്കിയിട്ടുണ്ട്.അവരെ ഇടക്കൊക്കെ താഴെ പോകുമ്പോൾ ഞങ്ങൾ കണ്ടുമുട്ടാറുമുണ്ട്.കാണുമ്പോൾ  ചിലരെങ്കിലും ചിരിച്ചുകൊണ്ട് ഹൌ ആർ യു  ചോദിക്കുമെങ്കിലും അവരുടെ കളികളിലും കാര്യങ്ങളിലും കണ്ണനെ ഉൾപ്പെടുത്തുന്നതിനെ പറ്റി  അവർ ആലോചിക്കുന്നുപോലുമുണ്ടാവില്ല എന്നെനിക്കറിയാം.അവരും കുട്ടികളാണല്ലൊ.പുറത്ത് കാണിച്ചില്ലെങ്കിലും കണ്ണന് അവരോട് വല്ലാത്തൊരസൂയയോ, ദേഷ്യമോ ഒക്കെ ആണ്.അവരുടെ കൂടെ പോയി കളിക്കാൻ പലപ്പോഴും അവനെ പറഞ്ഞുവിടാൻ ശ്രമിക്കാറുണ്ട് ഞാൻ.പക്ഷെ അപ്പോഴൊക്കെ മനസ്സിലെ ആത്മവിശ്വാസമില്ലായ്മ മറച്ചുവെച്ച്, എനിക്ക് മമ്മിടെ കൂടെ കളിക്കാനാ ഇഷ്ടം എന്ന് അവൻ ചിരിക്കും.മമ്മി ആന്റ് മി ആർ ദ ബെസ്റ്റ് ഫ്രണ്ട്സ് എന്ന് എന്നെ സന്തോഷിപ്പിക്കും.

ഞങ്ങൾ താഴെ പോകുന്ന സമയത്ത് ഞങ്ങളെ പോലെ പതിവായി മറ്റൊരു അമ്മയും അവരുടെ മൂന്നുവയസ്സുകാരി മകളും വരാറുണ്ട് താഴെ..ആറാം നിലയിൽ താമസിക്കുന്ന ഒരു ഇറാനി സ്ത്രീ. അവർക്ക് ആ കുട്ടിയെ കൂടാതെ മറ്റ് മൂന്ന് മക്കൾ കൂടിയുണ്ട്.രണ്ട് പെണ്മക്കളും ഒരു മകനും.മൂന്നു പെൺകുട്ടികളും നല്ല സുന്ദരിക്കുട്ടികൾ.മിടുക്കികൾ .പക്ഷെ കണ്ണന്റെ പ്രായമുള്ള ആ ആൺകുട്ടി  കണാൻ മിടുക്കനാണെങ്കിലും  പഠന വൈകല്യങ്ങളുള്ളൊരു കുട്ടിയാണ്..അവനെ രണ്ട്മൂന്നു ക്ലാസ്സ് കഴിഞ്ഞപ്പോഴേ സ്കൂളിൽ നിന്നും പറഞ്ഞുവിട്ടിരുന്നു.പഠനം മുടങ്ങിയതിനു ശേഷം വീട്ടിൽ തന്നെയായിരുന്നു അവൻ.കഴിഞ്ഞ വർഷം മുതൽ അവന്റെ അച്ഛൻ, അയാൾ നടത്തുന്ന കടയിലേക്ക് സഹായിയായി അവനെ കൊണ്ടുപോകാൻ തുടങ്ങിയിരുന്നു.വൈകുന്നേരങ്ങളിൽ അച്ഛനു പിന്നാലെ തലയും കുമ്പിട്ട് വിഷാദഭാവത്തോടെ പോകുന്ന അവനെ കാണുമ്പോൾ വല്ലാതെ വിഷമം തോന്നും.അവനു നഷ്ടപ്പെട്ടുപോകുന്ന അവന്റെ ബാല്യം..അവന്റെ സന്തോഷങ്ങൾ ഒന്നും അവന്റെ അച്ഛനുമമ്മയും മനസ്സിലാക്കാഞ്ഞിട്ടാണോ,അതോ  മനസ്സിലാക്കിയിട്ടും നിവൃത്തികേടുകൊണ്ട് അവനെതിരേ മുഖം തിരിക്കുകയാവുമോ എന്നൊക്കെ ആലോചിച്ചുപോകും ഞാൻ.

 വല്ലപ്പോഴുമൊക്കെയേ അവന്റെ അമ്മയെ കണ്ടുമുട്ടാറുണ്ടായിരുന്നുള്ളു.സുന്ദരമായി എപ്പോഴും പുഞ്ചിരിക്കുന്ന അവരുടെ മുഖത്ത് സ്ഥായിയായ ഒരു വിഷാദഭാവം ഉണ്ടായിരുന്നു.ഈയിടക്കാണ് പതിവായി  വൈകിട്ട് അവർ താഴെ വരാൻ തുടങ്ങിയത്. വല്ലാത്തൊരു സ്നേഹവായ്പോടെയാണ് അവർ ഞങ്ങളെ നോക്കാറ്.ഞാനും കണ്ണനും സന്തോഷത്തോടെ കളിക്കുന്നത് കാണുമ്പോൾ അവർ അവരുടെ മകനെക്കുറിച്ച് ആലോചിക്കുന്നുണ്ടാവണം.കളി കഴിഞ്ഞ് കുറെ നേരം കൂടി അവടെയിരുന്നതിനു ശേഷമാണ് എന്നും ഞങ്ങളുടെ മടക്കം.എന്നും അവരും ഇരിക്കും ഞങ്ങളോടൊപ്പം.അവരുടെ മകൾ കുഞ്ഞുസൈക്കിൾ ചവിട്ടി അവിടെയൊക്കെ കറങ്ങിക്കൊണ്ടിരിക്കും.ചിലപ്പോഴൊക്കെ കണ്ണൻ പിന്നാലെ ഓടി അവളെ ചിരിപ്പിക്കും.അവടെയങ്ങനെയിരിക്കുമ്പോൾ ഞങ്ങൾക്കിടയിൽ  എന്തൊക്കെയോ കുറേയേറെ പറയാൻ കിടക്കുന്ന പോലൊരു തോന്നലുണ്ടാകും എനിക്ക്.അവരുടെ മുഖത്തും അങ്ങനെയൊരു ഭാവം ഞാൻ കാണാറുണ്ട്. പക്ഷെ അവർക്ക് ഒട്ടും ഇംഗ്ലീഷറിയില്ല.എനിക്കാണെങ്കിൽ അറബി ഒരു കീറാമുട്ടിയും .ഈ പൊതുവായൊരു ഭാഷയില്ലാത്ത അവസ്ഥ ഒരു വൻ മതിലായി ഞങ്ങളുടെ പറയാനുള്ള വിശേഷങ്ങൾക്കിടയിൽ ഉയർന്നു നിന്നു. എന്നാലും ആംഗ്യഭാഷയുപയോഗിച്ച് എന്തൊക്കെയൊ പറയാൻ ശ്രമിക്കും ഞങ്ങൾ.എപ്പോഴും ഞാനെന്റെ ഭാവനക്കനുസരിച്ച് ഉത്തരങ്ങൾ മെനഞ്ഞുണ്ടാക്കാറാണ് പതിവ്. അഞ്ചാമതും ഗർഭിണിയാണ് എന്ന് ഒരു ദിവസം വയർ തൊട്ടുകാണിച്ചുകൊണ്ടവർ പറഞ്ഞു.അവരുടെ കറുത്ത അയഞ്ഞ വസ്ത്രത്തിനുള്ളിലൂടെ അതൊട്ടും അറിയുമായിരുന്നില്ല.അന്ന് എന്റെ വയറിൽ തൊട്ട് എന്താ വീണ്ടും കുഞ്ഞില്ലാത്തത് എന്നാവും അവരെന്നോട് ചോദിച്ചത്.കണ്ണൻ കൂട്ടുണ്ടാവുന്നത് നല്ലതാണെന്നൊക്കെ അവർ ആംഗ്യഭാഷയിൽ പറയുന്നുണ്ടായിരുന്നു.മറുപടി പറയാൻ ആംഗ്യഭാഷ മതിയാവില്ലെന്നറിയാവുന്നതുകൊണ്ട് ഞാൻ വെറുതെ ചിരിക്കുക മാത്രം ചെയ്തു.

ഇടക്ക് രണ്ടുമൂന്ന് ദിവസം  അവരെ താഴെ കണ്ടില്ല.അതിനടുത്ത ദിവസം ഞാനും കണ്ണനും കളികഴിഞ്ഞ് അവടെയിരിക്കുന്ന സമയത്താണ് റോഡിൽ അവരുടെ വണ്ടി വന്ന് നിന്നത്.ഇരുട്ട് വീണുതുടങ്ങിയിരുന്നു.ഞങ്ങളാണെങ്കിൽ ആവേശത്തോടെ വേർഡ് ഗെയിം കളിക്കുകയും. വണ്ടിയിലെ പിൻ സീറ്റിൽ ഇരുന്നിരുന്ന അവരുടെ മകൻ ഉറക്കെ കരയുന്നത് കേട്ടപ്പോഴാണ് ഞങ്ങൾ അവരെ ശ്രദ്ധിച്ചത് തന്നെ. വണ്ടിയുടെ വാതിൽ തുറന്ന് പിടിച്ച് അവന്റെ അച്ഛൻ അവനെ വഴക്കുപറയുകയും തല്ലുകയും ചെയ്യുന്നുണ്ടായിരുന്നു.പിന്നെ അയാൾ ദേഷ്യത്തോടെ വണ്ടിയിൽ തിരികെ കയറി അവനെയും കൊണ്ട് ഓടിച്ചുപോവുകയും ചെയ്തു.അവർ പോയിക്കഴിഞ്ഞതിനു ശേഷമാണ് വണ്ടിയിൽ നിന്നറങ്ങി നിന്നിരുന്ന അവരേയും അവരുടെ ചെറിയ രണ്ട് പെണ്മക്കളേയും കണ്ടത്. മൂത്ത കുട്ടികളുടെ കയ്യിൽ രണ്ട് ബാഗുകൾ.മൂന്നുവയസ്സുകാരിക്കുട്ടിയുടെ കയ്യിലും വലിയൊരു കവർ.ഞാൻ ഓടിച്ചെന്ന് അവളുടെ കയ്യിൽ നിന്നത് വാങ്ങി. അവരുടെ കയ്യിൽ പൊതിഞ്ഞ് ചേർത്ത് പിടിച്ചിരിക്കുന്ന കുഞ്ഞുണ്ടായിരുന്നു.പ്രസവം കഴിഞ്ഞ് അവർ ആശുപത്രിയിൽ നിന്ന് വരുന്ന വരവായിരുന്നു. അവരെ ഒന്ന് വീട്ടിൽ കൊണ്ടാക്കാനുള്ള മനസ്സുപോലും അവരുടെ ഭർത്താവ് കാണിച്ചില്ലല്ലൊ എന്ന് എനിക്ക് അമർഷം തോന്നി.ക്ഷീണിതയായെങ്കിലും അവരുടെ മുഖത്തെ പുഞ്ചിരിക്ക് ഒരു പ്രത്യേകഭംഗിയുണ്ടായിരുന്നു.അവരുടെ മകൾ എന്നോട് കുഞ്ഞ്, ബേബിഗേൾ ആണെന്ന് പറഞ്ഞു.കണ്ണന്റെ അടുത്തെത്തിയപ്പോൾ അവർ കുനിഞ്ഞ് കുഞ്ഞിനെ കണ്ണനു കാണിച്ചുകൊടുത്തു.ഇറുക്കിയടച്ച കണ്ണുകളിലെ വലിയ കറുത്ത കൺപീലികളാണ് ഞാൻ ആദ്യം കണ്ടത്.അവരുടെ ശാന്തത മുഴുവൻ ഇറ്റുവീണപോലെയൊരു കുഞ്ഞുമുഖം.മനസ്സിൽ അവരുടെ മകന്റെ കരച്ചിൽ അലോസരമുണ്ടാക്കിക്കൊണ്ടിരുന്നതിനാൽ എന്തിനായിരുന്നു അയാളവനെ അടിച്ചത് എന്ന് ചോദിച്ചു ഞാൻ.ഒരു നിമിഷത്തേക്ക് അവരുടെ മുഖത്തെപുഞ്ചിരി അപ്രത്യക്ഷമാവുകയും അവരുടെ കണ്ണിൽ കണ്ണീർ വന്ന് നിറയുകയും ചെയ്തു.കയ്യിലുള്ള കുഞ്ഞിനെ മുഖത്തോടമർത്തി കണ്ണുകളൊന്നിറുക്കിയടച്ചു തുറന്ന് വീണ്ടും അവരാ പുഞ്ചിരിയിലേക്ക് തിരിച്ചുവന്നു.എന്നോട് പറയാനവർക്ക് ഒരു ഉത്തരമില്ലായിരിക്കാം.അവരുടെയൊപ്പം ലിഫ്റ്റിലേക്ക് നടക്കുമ്പോൾ പതിവുപോലെ ഞാൻ ഉത്തരങ്ങളുണ്ടാക്കി.കുഞ്ഞുവാവയോടൊപ്പം വീട്ടിൽ പോകാൻ വാശിപിടിച്ചതിനാവാം അയാളവനെ തല്ലിയത്.പക്ഷെ വീണ്ടുമൊരു പെൺകുട്ടിയുണ്ടായതിലുള്ള അമർഷമായിരിക്കാം അയാൾക്ക് എന്ന ഉത്തരത്തിൽ എന്തിനെന്നറിയാതെ മനസ്സ് ഉടക്കിനിന്നു.അവർ ലിഫ്റ്റിൽ കയറി പോയതിനു ശേഷം ഞാൻ വീണ്ടും കണ്ണന്റെ അടുത്തുവന്നിരുന്നു.ആ കുട്ടിയുടെ ഉറക്കെയുള്ള കരച്ചിൽ,അവരുടെ കണ്ണിൽ പെട്ടെന്ന് വന്നുനിറഞ്ഞ കണ്ണീർത്തുള്ളിയിൽ ഒതുക്കിവെച്ച ഒരുപാട് സങ്കടങ്ങൾ,പിറക്കാതെപോയ എന്റെ മകളെ പെട്ടെന്ന് ഓർമ്മിപ്പിച്ച ആ കുഞ്ഞുമുഖം ,എല്ലാമെന്നെ വല്ലാത്തൊരസ്വസ്ഥതയിലേക്ക് തള്ളിയിട്ടു.കണ്ണനും സങ്കടത്തോടെ ഒന്നും മിണ്ടാതിരിക്കുകയായിരുന്നു.ഞാനവന്റെയടുത്തിരുന്ന് നിശ്ശബ്ദയായി കരഞ്ഞു.

എന്റെ കണ്ണീരൊഴുകിയിറങ്ങുന്ന മുഖം കണ്ട് അവന്റെ ഭാവം പെട്ടെന്ന് മാറി.എന്നെ പിടിച്ചുകുലുക്കി എന്തിന്നാണ് കരയുന്നത് എന്ന് ചോദിച്ചു അവൻ.വാശിക്കാരിയായ ഒരു കുട്ടിയെ പോലെ ഞാൻ അവനോട് എനിക്കും ഒരു മകളെ വേണം എന്ന് പറഞ്ഞു.അവൻ എന്റെ മുഖത്തുനോക്കി കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ.. ഗേൾസ് ആർ നോട്ട് ഗുഡ്. അവരെപ്പഴും അമ്മമാരോട് ഫൈറ്റ് ചെയ്യും എന്ന് പറഞ്ഞു.അവരു അമ്മമാരെ ഒട്ടും ഹെല്പും ചെയ്യില്ല.ബോയ്സ് ആണ് നല്ലത് എന്നൊക്കെ പറയാൻ തുടങ്ങി.തിരികെ വീട്ടിലേക്ക് നടക്കുമ്പോഴും അവൻ അതുതന്നെ പറയുന്നുണ്ടായിരുന്നു.പിന്നെ പതിവുപോലെ ഞാൻ അടുക്കളയിലേക്ക് കയറിയപ്പോൾ അവൻ കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുന്നത് കണ്ടു.കുറച്ച് കഴിഞ്ഞ് അവനെന്നെ വന്ന് വിളിച്ചു.അവൻ യുട്യൂബിൽ മമ്മി ആന്റ് മിയിൽ ഉർവശിയും മകളും അടിയുണ്ടാക്കുന്ന രംഗം ഇട്ടിരുന്നു.”ഇതുകണ്ടില്ലെ ,ഗേൾസ് ആൾവേയ്സ് ഫൈറ്റ് വിത് മദർ. മമ്മിക്ക് മകൾ വേണ്ട.“ അമ്മമാർ എപ്പോഴും മക്കളോട് കലഹിക്കും എന്ന് അതിൽ നിന്ന് അവൻ കണ്ടുപിടിക്കാഞ്ഞത് ഭാഗ്യം എന്നോർത്ത് എനിക്ക് ചിരി വന്നു.എന്റെ ഭാവവ്യത്യാസം കണ്ട് അവന് വല്ലാത്ത ആശ്വാസം.ഇടക്കൊക്കെ പിങ്ക് ഉടുപ്പിട്ട സ്മോൾ ബേബി സിസ്റ്ററിനെ സ്വപ്നം കണ്ട കാര്യമൊക്കെ അവൻ പറയാറുണ്ടെങ്കിലും ആ സമയത്ത് എന്നെ സന്തോഷിപ്പിക്കുക എന്നത് മാത്രമായിരുന്നല്ലൊ അവന്റെ  ഉദ്ദേശം.“ബോയ്സ് തന്നെയാ നല്ലത്”..ഞാൻ പറഞ്ഞത് കേട്ട് അവനും ചിരിച്ചു.വീഡിയോ കട്ട് ചെയ്ത് അടുക്കളയിലേക്ക് തിരിച്ചുനടക്കുമ്പോൾ മമ്മിയെ ഇന്നു ഞൻ സഹായിക്കാം എന്നും പറഞ്ഞ് അവനും കൂടി കൂടെ.അവന്റെ ഇത്തിരി മനസ്സിലെ സ്നേഹത്തിന്റെ ആഴങ്ങളിൽ മുങ്ങി എന്റെ മനസ്സ് വീണ്ടും കരഞ്ഞു.

Tuesday 25 January 2011

ആത്മകഥ!!

മിനിയാന്ന് “ആത്മകഥ” സിനിമ കണ്ടു.നല്ലൊരു പോസിറ്റിവ് എനർജി തന്നു ആ സിനിമ.പലപ്പോഴുമങ്ങനെയാണ്.മനസ്സ് വരണ്ടുണങ്ങിയിരിക്കുമ്പോഴാവും അവിചാരിതമായിട്ട് വായനക്കിടയിൽ നിന്നൊരു വരി, ഒരു കുഞ്ഞുകാഴ്ച്ച അല്ലെങ്കിൽ സംസാരങ്ങൾക്കിടയിൽ നിന്നൊരു വാക്ക് അങ്ങനെയെന്തെങ്കിലുമൊക്കെ ഒരു മഴത്തുള്ളി പോലെ വീണുകിട്ടുന്നത്.പിന്നെയത് ചിന്തകളിൽ നിറയും.ഒരുപാട് ചോദ്യങ്ങളായി, ഉത്തരങ്ങളായി,മനസ്സിനെ വല്ലാതെ നനയ്ക്കും.വേവലാതികളുടെ പടുകുഴിയിൽ നിന്ന് വലിച്ച് പുറത്തേയ്ക്കെടുക്കും.ഒരുപാട് ഊർജ്ജം തന്ന് ആത്മവിശ്വാസത്തിന്റെ പടികളിലൂടെ കയറ്റിവിടും.
‘ആത്മകഥ‘യിലെ എന്തൊക്കെയോ മനസ്സിൽ തട്ടി.മകളെയോർത്ത് ആധി പിടിക്കുന്ന ഒരച്ഛന്റെ മനസ്സ്.‘മൂന്നടി നടന്നാൽ പടി ,എട്ടടി നടന്നാൽ ഉള്ളി മൂപ്പിച്ച ചോറ്‘ എന്ന്  ജീവിതത്തിന്റെ കണക്കുകളുമായൊരു അമ്മ.താനില്ലാതായാൽ തന്റെ കുട്ടിയെങ്ങനെ ജീവിക്കുമെന്ന ചിന്ത ഊണിലുമുറക്കത്തിലും  പേക്കിനാവുപോലെ പിൻ തുടരുന്ന  ഏതൊരച്ഛനും അമ്മയ്ക്കും ആ മനസ്സ് വായിക്കാനാവും.
എന്റെ കണ്ണനും യാത്ര തുടങ്ങിയിട്ടേ ഉള്ളു.ജീവിതത്തിന്റെ കണക്കുകൾ അവനിനിയുമൊരുപാട് അറിയാനുണ്ട്.അവന്റെ സ്വപ്നങ്ങളിൽ വലിയൊരു ലോകമുണ്ട്.ഭാവനയിലെന്നും അവൻ പറന്നുനടക്കുന്ന നക്ഷത്രങ്ങൾ നിറഞ്ഞ ആകാശമുണ്ട്.കളിക്കാനും കൂട്ടുകൂടാനും ആരുമില്ലാതെ ഒറ്റപ്പെട്ടുപോകുന്നതിന്റെ വേദനകളുണ്ട്.മറ്റു കുട്ടികളെ പോലെയല്ല താൻ എന്ന് സ്വയമറിഞ്ഞുണ്ടായ അപകർഷതാ ബോധമുണ്ട്. സങ്കടങ്ങളുണ്ട്.പരിഭവങ്ങളുണ്ട്. അവന്റെ മനസ്സിലെ ഓരോ വ്യഥയും തന്റെതാക്കി, അവന്റെ ലോകം  ,അവന്റെ ജീവിതം മുഴുവനായി അവനു തന്നെ കൊടുക്കാൻ കഴിയണാമെന്നാശിക്കുന്ന ഒരമ്മ എന്നിലുമുണ്ടല്ലൊ.
കുറച്ച് നാൾ മുമ്പാണ് ഹെർമൻ ഹെസ്സെയുടെ സിദ്ധാർഥ വായിച്ചത്.ഒരനിവാര്യതയായിരുന്നു ആ വായന എന്ന് വായിച്ചുകഴിഞ്ഞപ്പോൾ അറിഞ്ഞു.ജീവിതത്തിനെ പറ്റി ചോദ്യങ്ങളില്ലാത്ത ഒരുപാട് ഉത്തരങ്ങളിലേക്കാണ് ആ വായന എന്നെയെത്തിച്ചതെന്ന് തോന്നി.ഞാനെന്നിലേക്ക് തിരിച്ചുവരുന്നത് പോലൊരു അനുഭവമായിരുന്നു.മെഴുകുപോലെ കട്ടിയുള്ള മഞ്ഞുപാളികൾ നാളെകളിലേക്ക് ഒഴുകിവീണ് ഘനീഭവിച്ചതറിഞ്ഞു...വേവലാതികളുടെ കറുത്ത നാളെകൾ വരച്ചുവെച്ച് അതിനെ പറ്റി മാത്രം ഓർത്ത് പിടയുന്നൊരു മനസ്സുമായിരുന്നിരുന്ന എന്നിലെ അമ്മയെ ഞാനന്ന് ശരിക്ക് കണ്ടു.ഇന്നുകളേക്കൾ സ്വയം വരച്ചുവെച്ച നാളെകളെയോർത്താണ് അവൾ ജീവിച്ചിരുന്നതെന്ന് അറിഞ്ഞു.കണ്ണനെയോർത്തായിരുന്നു പേടിസ്വപ്നങ്ങൾ മുഴുവനും.ചേർത്തുനിർത്താൻ ഞാനില്ലാതാവുമ്പോഴുള്ള അവന്റെ ജീവിതം..വരാൻ പോകുന്ന  അറിയാത്ത നാളെകളെ പറ്റിയോർത്ത്  ഇത്രയധികം വ്യാകുലയാവണ്ട എന്ന അവസ്ഥയിലേക്ക് മനസ്സ് കരുത്തോടെ  എത്തുകയായിരുന്നു.അത് തലയിൽ നിന്ന് ഒരുപാട് ഭാരങ്ങൾ ഇറക്കിവെച്ചത് പോലൊരു അനുഭവമായിരുന്നു.മനസ്സിൽ വെളിച്ചം കയറിയ പോലെ.‘ആത്മകഥ’യിൽ തന്റെ ഇരുട്ടിലേക്കിറങ്ങിയിറങ്ങി വന്ന നിലാവിനെ പറ്റി കൊച്ചുബേബി പറയുമ്പോൾ എന്റെ നാളെകളിലേക്ക് ഒഴുകിയിറങ്ങി ഖനീഭവിച്ച വെളുത്ത മഞ്ഞുമലകളെ ഞാനും കൌതുകത്തോടെ നോക്കി.കൂടുതൽ കരുത്തോടെ കണ്ണനെ ചേർത്തുനിർത്തി ഇന്നിന്റെ സന്തോഷങ്ങൾ, അറിവുകൾ ,തുറന്ന മനസ്സോടെ അവനു കാട്ടിക്കൊടുക്കാനാവുന്നതും .
ഇനി ഇന്നത്തെ വിശേഷങ്ങൾ.എന്നും വൈകുന്നേരം ഭക്ഷണം കഴിക്കാനെടുക്കുമ്പോൾ കണ്ണൻ കൊഞ്ചാനെത്തും.അവനു ഞാൻ വാരിക്കൊടുക്കണം.വല്യ ചെക്കനായിട്ടാണീ കൊഞ്ചൽ എന്ന് ഞാൻ കളിയാക്കുമെങ്കിലും ആ കൊഞ്ചൽ ഞാനുമാസ്വദിക്കും.ഒരോരൊ വിശേഷങ്ങളൊക്കെ പറഞ്ഞ് ഒരുപാട് നേരമിരുന്നാണ് ഞങ്ങളുടെ അത്താഴം കഴിക്കൽ.പതിവുപോലെ ഭക്ഷണമെടുത്തപ്പോൾ വീണ്ടും തലയിൽ ‘ആത്മകഥ’.മേശപ്പുറത്ത് അവനുള്ള ഭക്ഷണം എടുത്ത് വെക്കുമ്പോൾ ഞാനറിയാതെ പറഞ്ഞുപോയി.”മൂന്നടി നടന്നാൽ പടി, എട്ടടി നടന്നാൽ ഉള്ളി മൂപ്പിച്ച ചോറ്”.കൊഞ്ചാൻ നിൽക്കാതെ എന്നെ അൽഭുതപ്പെടുത്തികൊണ്ട് അവൻ കഴിക്കാനിരുന്നു.എന്നോടൊപ്പം സിനിമ മുഴുവനുമിരുന്നു കണ്ട അവനെന്തൊക്കെയാണവൊ അതിൽ നിന്ന് വായിച്ചെടുത്തത്! പതിവുപോലെ വിശേഷങ്ങളും പരാതികളും ഒക്കെ പറഞ്ഞുകൊണ്ട് അവൻ കഴിച്ചുകൊണ്ടിരുന്നു..ഇക്കാലത്തെ ഒരു സാധാരണ പതിനഞ്ച് വയസ്സുകാരന്റെ മാനസികാവസ്ഥകളെ പറ്റിയൊക്കെ ഒരദ്ധ്യാപികയായ എനിക്ക് കുറേയൊക്കെയറിയാം.അതുകൊണ്ട് തന്നെ കണ്ണന്റെ സങ്കടങ്ങളും വാശികളും സ്വപ്നങ്ങളും ദേഷ്യങ്ങളുമെല്ലാം എന്റ്റേതാക്കാൻ തത്രപ്പെടാതെ അവനറിയാനായ് വിട്ടുകൊടുക്കുന്ന ഞാൻ .അതിലൂടെ അവൻ ജീവിതത്തെയറിയട്ടെ എന്ന്, നാളെകളിലേക്ക് കരുത്തോടെ നടന്നുകയറട്ടെ എന്ന് പ്രാർഥിക്കുന്ന ഞാൻ. എനിക്ക് തരാൻ  ഒപ്പമിരിക്കുന്ന ഈ നിമിഷങ്ങൾ മാത്രമേ ഉള്ളുവെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്, ഈ ഇന്നുകൾ എന്നുമിങ്ങനെ ഞങ്ങളിലുണ്ടാകട്ടെയെന്ന് ആശിച്ചുകൊണ്ട് അവന്റെ വിശേഷങ്ങൾക്ക് കാതോർത്തുകൊണ്ട് അവനരികിൽ എന്നെ കാത്തുവെച്ചുകൊണ്ട്..


                                                                                                                         

Friday 21 January 2011

കണ്ണൻ

എഴുതണമെന്ന് തോന്നിയെങ്കിലും എഴുതാൻ ഇരുന്നപ്പോഴാണ് ഇത് അത്രതന്നെ എളുപ്പമല്ല എന്ന് മനസ്സിലാകുന്നത്.അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന വ്യക്തതയില്ലാത്ത കുറേ ചിന്തകൾ!
ഡൌൺ സിൻഡ്രോം അനുഭവങ്ങൾ എന്നെഴുതിവെച്ചതുതന്നെ ആ അവസ്ഥയെ പറ്റി എനിക്കറിയാവുന്ന കാര്യങ്ങൾ പങ്കുവെക്കാം എന്ന ഉദ്ദേശത്തോടെയായിരുന്നു.എന്നാൽ ഇപ്പോളാ ലോചിക്കുമ്പോൾ തോന്നുന്നു എനിക്കീ സിൻഡ്രോമിനെ പറ്റി സാങ്കേതികമായി ഒന്നുമറിയില്ലെന്ന്.അധികമായി ഒന്നും അറിയാൻ ശ്രമിച്ചില്ല എന്നു പറയുന്നതാവും ശരി.എനിക്കറിയാവുന്നത് കണ്ണനെ പറ്റിയാണ്.ഞാൻ അറിഞ്ഞതും സൂക്ഷ്മമായി മനസ്സിലാക്കാൻ ശ്രമിക്കുന്നതും അവനെയാണ്.അവന്റെ വിചാരങ്ങളെയും താല്പര്യങ്ങളെയും ഇഷ്ടങ്ങളേയും സ്വപ്നങ്ങളേയുമൊക്കെയാണ്.അവനോടൊപ്പം ഞാനുമൊരുപാട് വളർന്നിരിക്കുന്നു.അവനെനിക്ക് ജീവിതമെന്തെന്ന് മനസ്സിലാക്കിത്തരുന്നു.
തുടക്കത്തിൽ പറഞ്ഞുവെച്ചതിലേക്ക് തിരിച്ചുവരട്ടെ.
അതെ വർഷങ്ങൾക്ക് മുമ്പൊരു ഡിസംബർ രാത്രി. 1995 ഡിസംബർ 28. അന്നാണ് കണ്ണൻ ആദ്യമായി വീട്ടിലെത്തിയത്. .ജനുവരി 28 നു ജനിക്കാനുള്ള സമയമൊക്കെ കുറിച്ചുവെച്ചിട്ടും അവൻ പിറന്നത് നവംബർ 28നു. സിസേറിയനു വേണ്ടി തന്ന അനസ്തേഷ്യയുടെ കെട്ട് തലയിൽ നിന്നിറങ്ങിപ്പോൾ വാർഡിലുണ്ടായിരുന്ന  നേഴ്സ് വീൽ ചെയറിലിരുത്തി വാവയെ കാണിക്കാൻ എന്നെ സ്പെഷൽ കെയർ യൂണിറ്റിലേക്ക് കൊണ്ടുപോയി.ഇടനാഴികൾ പിന്നിടുന്നതിനിടയിൽ   ബേബി ആൺകുട്ടിയാണ് എന്ന്മാത്രം അവരെന്നോട് പറഞ്ഞു..കെയർ യൂണിറ്റിനുള്ളിൽ  ചില്ലുകൂട്ടിൽ കണ്ണൊക്കെ ഇറുക്കിയടച്ച് ഉറങ്ങുന്നുണ്ടായിരുന്നു അവൻ.ഇത്തിരി പോന്ന ഒരു പീക്കിരിവാവ.വാർഡിലേക്കു തിരിച്ചു പോകുമ്പോൾ സ്പെഷൽ കെയർ യൂണിറ്റിനെ പറ്റിയും ,വാവ പ്രീമച്യുർ ആണെന്നോർത്ത് വിഷമിക്കേണ്ടതില്ലെന്നും ഒക്കെ പറയുന്നുണ്ടായിരുന്നു അവർ.പക്ഷെ ഞാനതിൽ പകുതിയും കേൾക്കുന്നുണ്ടായിരുന്നില്ല.ഓപറേഷൻ ചെയ്തതിന്റെ വേദന അടിവയറ്റിൽ. ചിന്തകളെയെല്ലാം അത് മുക്കിക്കൊന്നിരുന്നു.
ഒരാഴ്ച കഴിഞ്ഞ് എന്നോട് വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു ഡോക്റ്റർ.വാവക്ക് വീട്ടിൽ പോകാൻ ആയില്ലെന്നും.വൈകുന്നേരങ്ങളിൽ ഹോസ്പിറ്റലിൽ പോയി പത്ത് മിനിറ്റ് വാവയെ കണ്ട് തിരിച്ച് വരും. ഒരു മാസത്തിനു ശേഷം ഡിസംബർ 28നു ചെന്നപ്പോൾ വാവ വീട്ടിൽ പോകാൻ റെഡിയായി എന്ന് നേഴ്സ്.
അങ്ങനെ ഡിസംബറിന്റെ മരം കോച്ചുന്ന തണുപ്പിൽ വാവ വീട്ടിലെത്തി.ആദ്യത്തെ ബഹളങ്ങളൊക്കെ കഴിഞ്ഞ് സ്വസ്ഥമായി വെറുതെ കുറേ നേരം വാവയെ നോക്കി കിടന്നു കഴിഞ്ഞാണ് ഹോസ്പിറ്റലിൽ നിന്നും തന്ന ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഒന്ന് വായിച്ചുനോക്കാനെടുത്തത്.അതിൽ ജനിച്ച സമയം, ജനിച്ചയുടനെ കരഞ്ഞ്ഞത്,ജനിച്ചപ്പോഴുള്ള ഭാരം..തുടങ്ങി ഒരുമാസം അവടെ കഴിഞ്ഞപ്പോഴുണ്ടായ വാവയെ പറ്റിയുള്ള നിരീക്ഷണങ്ങൾ ഒക്കെ വിശദമായി എഴുതിയിട്ടുണ്ടായിരുന്നു.ഏറ്റവുമൊടുവിൽ “baby is suspected to have Down Syndrome, advised genetic appointment" എന്നൊരു വാചകവും. ആദ്യമായി കേൾക്കുകയായിരുന്നു  അങ്ങനെയൊരു വാക്ക്. ഞാൻ ഡിക്ഷ്ണറി എടുക്കാനോടി.[അന്ന് ഗൂഗൾ ചെയ്തു നോക്കാൻ ഇന്റെർനെറ്റ് ഉണ്ടായിരുന്നില്ല].അതിൽ തപ്പിയപ്പോൾ down syndrome കണ്ടു."Down syndrom- an ubnormal condition in which a person is born with a broad, rather flat face, sloping eyes and a mental ability that is below average." എന്ന്.അത് തന്നെ കുറേ പ്രാവശ്യം വീണ്ടും വീണ്ടും വായിച്ചതിന്നും ഓർക്കുന്നു.പിന്നെ ഉറങ്ങുന്ന വാവയുടെ ഓമനത്തമുള്ള കുഞ്ഞുമുഖത്തു നോക്കി അങ്ങനെയൊന്നുമല്ല എന്ന് വല്ലാത്തൊരു വെപ്രാളത്തോടെ സ്വയം പറഞ്ഞ് വിസ്വസിപ്പിക്കാൻ ശ്രമിച്ചു, പിന്നെയാണ്  എവെടൊയൊക്കെയോ അമർത്തിവെച്ചിരുന്ന സങ്കടക്കടലിലേക്ക് സ്വയം മുങ്ങിപ്പോയത്..ശ്വാസം കിട്ടാതെ പിടഞ്ഞ് പിടഞ്ഞ് നിലവിളിച്ചത്.ഒരു ചിന്തയും കടക്കാതിരിക്കാൻ  മനസ്സിൽ  ഇരുട്ട് മാത്രം നിറയണമേ എന്ന് കൊതിച്ചത്.. അന്നനുഭവിച്ച ഉള്ളുരുക്കങ്ങളെ പറ്റി
ഇന്ന് പറയുക പ്രയാസം.കാലം അതൊക്കെ കുറെശ്ശെ കുറെശ്ശെയായി അലിയിച്ചു കളഞ്ഞിരിക്കുന്നു.
അന്നത്തെ കുഞ്ഞുവാവ കണ്ണനായി എന്നുമെന്നോടൊപ്പം.. എനിക്കൊരുപാട് സ്നേഹവും സന്തോഷവും ധൈര്യവുമൊക്കെ തന്ന്എന്നുമെന്നോടൊപ്പം.


...ബാക്കി അടുത്ത പോസ്റ്റിൽ...

Tuesday 11 January 2011

തുടക്കം.

 ഇത് ഒരു പുതിയ തുടക്കം!

ഇത് എന്റെ ഡൌൺ സിൻഡ്രോം അനുഭവങ്ങളാണ്.
പതിനാ‍റ് വർഷങ്ങൾക്ക് മുമ്പ് ഒരു ഡിസംബറിൽ ഒട്ടും നിനച്ചിരിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു വാക്കാണത്.അതിനോടൊപ്പം ജീവിതമെനിക്ക് തന്ന വ്യത്യസ്തമായ കുറേ അനുഭവങ്ങളും..
 ഇങ്ങനെയൊന്ന് എഴുത്തിത്തുടങ്ങണമെന്ന് തോന്നുന്നത് ആദ്യമായാണ്.
ഒരു ശാന്തമായ അവസ്ഥയിലേക്ക് മനസ്സ് എത്തിയതുകൊണ്ടാവാം .
ഇന്ന് കഴിഞ്ഞുപോയ വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് ചിത്രങ്ങൾ മനസ്സിന്റെ സ്ക്രീനിൽ.
സങ്കടപ്പെരുമഴകളും ഒറ്റപ്പെടലിന്റെ എരിയുന്ന വേനലുകളും എല്ലാ കാഴ്ച്ചകളും മറച്ച്  ഉള്ളിലേക്ക് താണുതാണിറങ്ങിവന്നിരുന്ന കോടമഞ്ഞും..
എല്ലാമെല്ലാം എന്റെ വെറും സങ്കൽ‌പങ്ങൾ മാത്രമായിരുന്നോ?
ആയിരുന്നിരിക്കാം..

ഞാനെന്നിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.
  ഇന്നത്തെ എന്നിലിരുന്ന് എന്ത് ചെയ്യണമെന്ന് കൌതുകത്തോടെ ആലോചിക്കുമ്പോൾ,
എന്നിലൂടെ കടന്നുപോയ ആ ദിവസങ്ങളിലേക്കൊന്നുകൂടെ തിരിഞ്ഞുനോക്കി, മറക്കാൻ കഴിയാതെ കിടക്കുന്ന എന്തൊക്കെയോ എന്നോട് തന്നെയിരുന്ന് പറയണമെന്ന് തോന്നുന്നു.

...പറഞ്ഞുതുടങ്ങുമ്പോഴേ  എന്താണെനിക്ക് പറയാനുള്ളത് എന്ന് എനിക്കുതന്നെയറിയു ....



[ഇതാണ് തുടക്കം. ഈ തുടക്കം തുടത്തിൽ തന്നെ ഒടുങ്ങാതിരിക്കട്ടെ..:)]